
കോഴിക്കോട്: ലാബ് തുറക്കാനെത്തിയ യുവതിയെ പിറകിലൂടെയെത്തി കടന്നുപിടിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത് അതി വിദഗ്ധമായി. കോഴിക്കോട് ഉള്ള്യേരിയിലാണ് സ്വാകാര്യ ക്ലിനിക്കിലെ ജീവനക്കാരിയെ ക്ലിനിക്കിനുള്ളിൽ കയറി ബലാത്സംഗം ചെയ്യാൻ ശ്രമം നടന്നത്. സംഭവത്തില്‍ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയും ഹോട്ടൽ ജീവനക്കാരനുമായ മുഹമ്മദ് ജാസിനെ അത്തോളി പൊലീസ് ഒരു ദിവസം നീണ്ട തിരച്ചിലിന് ഒടുവിൽ പിടികൂടി. ഇയാൾ മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു.
ഉള്ള്യേരി ടൗണിൽ ഉള്ളിയേരി -പേരാമ്പ്ര റോഡിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ക്ലിനിക്കിൽ ഇന്നലെ പുലർച്ചയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഉള്ള്യേരി സ്വദേശിയായ ജീവനക്കാരിയാണ് ആദ്യം ക്ലിനിക്കിൽ എത്തിയത്. ഇവർ ക്ലിനിക്ക് തുറന്നതിന് തൊട്ടു പിന്നാലെ എത്തിയ അക്രമി ഡോക്ടർ സ്ഥലത്തുണ്ടോ എന്ന് തിരക്കി. തുടർന്ന് പരിസരത്ത് ആരും ഇല്ലെന്ന് ഉറപ്പാക്കിയശേഷം കടന്നാക്രമിക്കുകയായിരുന്നു. യുവതി അക്രമിയെ ചെറുകുന്നതും പിന്നാലെ ഓടുന്നതും എല്ലാം കെട്ടിടത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.
ബഹളം കേട്ട് എത്തിയ നാട്ടുകാരും അക്രമിക്ക് പിന്നാലെ ഓടിയെങ്കിലും ഇയാൾ കടന്നുകളഞ്ഞു. ഇയാള്‍ കുറ്റകൃത്യം ചെയ്ത സമയത്ത് ധരിച്ചിരുന്ന വസ്ത്രം, തെളിവ് നശിപ്പിക്കുന്നതിനായി ഉള്ള്യേരി അങ്ങാടിക്ക് സമീപം അപേക്ഷിച്ചിരുന്നു. ഈ വസ്ത്രത്തില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും നിര്‍ണായകമായി. സംഭവം നടന്ന ഉടനടി സ്ഥലത്ത് എത്തിയ അത്തോളി പൊലീസ് സിസിടിവി ദൃശ്യങ്ങൾ നിന്ന് അക്രമിയെ തിരിച്ചറിഞ്ഞു. പരപ്പനങ്ങാടി സ്വദേശിയും ഹോട്ടൽ ജീവനക്കാരനുമായ മുഹമ്മദ് ജാസിന്‍ ആണ് അക്രമിയെന്ന് വ്യക്തമായി.
തുടർന്ന് കോഴിക്കോട് മലപ്പുറം ജില്ലകളിലെ വിവിധ ഇടങ്ങളിൽ ഇയാൾക്കായി തിരച്ചിൽ വ്യാപിപ്പിച്ചു. ഒടുവിൽ ദൃശ്യങ്ങളും ഫോണ്‍ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ കുന്ദമംഗലത്ത് വെച്ചാണ് ജാസിന്‍ ഇന്ന് ഉച്ചയോടെ പിടിയിലായത്. ഇയാൾക്കെതിരെ തിരൂർ പൊലീസ് സ്റ്റേഷനിൽ സ്ത്രീക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതുമായി ബന്ധപ്പെട്ട കേസ് ഉണ്ട്. പരപ്പനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത ഒരു മോഷണം കേസിലും ഇയാൾ പ്രതിയാണ്. ഉള്ള്യേരിയിൽ ജോലി തേടി എത്തിയെന്നാണ് ഇയാൾ പൊലീസിന് നൽകിയ വിവരം. പ്രതിക്കെതിരെ ബലാത്സംഗം, ആശുപത്രി ജീവനക്കാർക്ക് എതിരായ അതിക്രമം തുടങ്ങി വിവിധ കുറ്റങ്ങൾ ചുമത്തി കേസെടുത്തു.