
മലപ്പുറം: അഞ്ചാം പിറന്നാളിന്റെ ആഘോഷത്തിലായിരുന്ന കഴിഞ്ഞ ദിവസം രാജമാണിക്യം. രാജ്യമാണിക്യമെന്ന് കേട്ട് തെറ്റിദ്ധരിക്കണ്ട. അസ്സൽ കൂറ്റൻ പോത്ത് തന്നെ. കാളികാവ് തൊടികപ്പുലം നീലേങ്ങാടൻ ബഷീറാണ് കഴിഞ്ഞ അഞ്ച് വർഷമായി താൻ ഓമനിച്ചു വളർത്തുന്ന രാജമാണിക്യന്റെ പിറന്നാൾ ആഘോഷമാക്കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ഗോപി, വാർഡ് അംഗങ്ങളായ കെ ഉമ്മു ഹബീബ, പി ഷിജിമോൾ എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ആഘോഷിച്ചു. നാട്ടുകാർ മാത്രമല്ല സംസ്ഥാനത്തിന്റെ പല ഭാഗത്തുള നിന്നുമുള്ള യൂട്യൂബർമാരും രാജമാണിക്യന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനും വിശേഷങ്ങൾ പങ്ക് വെയ്ക്കാനും ചിറ്റയിലെ അമ്പലപ്പടിക്കലിൽ എത്തിയിരുന്നു.
അഞ്ച് വർഷം മുമ്പ് പാലക്കാട് ജില്ലയിലെ വാണിയംകുളം ചന്തയിൽ നിന്നു വാങ്ങിയ രണ്ടു പോത്തുകളിൽ ഒന്നാണ് രാജമാണിക്യം. സ്വന്തം മക്കളെപ്പോലെ കരുതലും ഭക്ഷണവും നൽകിയാണ് രാജ മാണിക്യത്തെ വളർത്തുന്നതെന്ന് ബഷീർ പറയുന്നു. പത്ത് ലക്ഷത്തിന്ന് മുകളിൽ പലരും വില പറഞ്ഞെങ്കിലും ഇവനെ കൈവിടാൻ ബഷീർ തയ്യാറായിട്ടില്ല. മുറ ഇനത്തിൽ പെട്ട പോത്താണെന്നാണ് വെറ്റർനറി ഡോക്ടറുടെ അഭിപ്രായം.ആഴ്ചയിലൊരിക്കൽ രാജമാണിക്യനെ പരിശോധിക്കാൻ ഡോക്ടർ വീട്ടിലെത്തും. മലപ്പുറം ജില്ലയിൽ രാജമാണിക്യനെ വെല്ലാൻ മറ്റൊരാളില്ല എന്നതാണ് ബഷീറിന്റെ പക്ഷം.
പ്രത്യേ ഭക്ഷണവും വെള്ളവുമാണ് ഇവന് നൽകുന്നത്. ആയിരത്തി ഒരു നൂറ്റി എൺപത് കിലോയോളം തൂക്കമുണ്ട് ഈ കുട്ടിക്കൊമ്പന്. തടി ഓവറായി കൂടുന്നതിനാൽ ഇപ്പോൾ ഭക്ഷണത്തിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബഷീറും രാജമാണിക്യനും തമ്മിലുള്ള ഇണക്കവും ബന്ധവും സ്‌നേഹവും ഇപ്പോൾ നാട്ടുകാർക്ക് ഏറെ കൗതുകമായിരിക്കുകയാണ്. ഒരു കാർഷിക സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ് ഇദ്ദേഹത്തിന്റെ പ്രവർത്തി എന്ന് നാട്ടുകാർ പറയുന്നു.
Read More : വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാര്‍ക്ക് ഡെപ്യൂട്ടി ജയിൽ സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ മർദ്ദനം, പരാതി
കുട്ടികളോടും മുതിർന്നവരോടുമെല്ലാം ഇണങ്ങി ജീവിക്കുന്ന രാജമാണിക്യത്തെ കൊണ്ട് നാട്ടുകാർക്കോ അയൽപക്കക്കാർക്കോ ഒരു പ്രയാസവുമില്ലെന്നും നാട്ടുകാർ പറഞ്ഞു. അമ്പലപ്പടി ബ്രദേഴ്‌സ് ക്ലബ്ബ് ബഷീറിനെ ആദരിക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ആഘോഷ പരിപാടികൾ. രാജമാണിക്യ നോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാനും നിരവധി പേരാണ് എത്തിയത്. കുളിപ്പിച്ചൊരുങ്ങിയാണ് ജൻമദിനാഘോഷത്തിന് പോയതെങ്കിലും ആഘോഷമെല്ലാം കഴിഞ്ഞ് തന്റെ സ്വന്തം നീന്തൽകുളത്തിൽ കുറച്ച് നേരം നീരാടിയതിന് ശേഷമാണ് രാജമാണിക്യൻ കൂടണഞ്ഞത്.
Read More : ലഹരിവിൽപ്പനയെക്കുറിച്ച് വിവരം നല്‍കി; പ്ലസ് ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും ഭീഷണി തീരുന്നില്ല, പരസ്യ ഭീഷണി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam