Asianet News MalayalamAsianet News Malayalam

ലഹരിവിൽപ്പനയെക്കുറിച്ച് വിവരം നല്‍കി; പ്ലസ് ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും ഭീഷണി തീരുന്നില്ല, പരസ്യ ഭീഷണി

ഭീഷണി കാരണം ക്രിസ്മസ് അവധിയ്ക്ക് ശേഷം സ്കൂളിൽ പോകാനാകാതെ പഠിപ്പുമുടങ്ങിയ വിദ്യാര്‍ത്ഥിനിയ്ക്ക് തിങ്കളാഴ്ച മുതൽ സ്കൂൾ ബസ് സൗകര്യം സൗജന്യമായി നൽകാനാണ് പിടിഎ തീരുമാനം.

plus two student and mother beaten up for giving information about drug mafia in thiruvananthapuram
Author
First Published Jan 21, 2023, 8:38 AM IST

വെഞ്ഞാറമൂട്: തിരുവനന്തപുരം പിരപ്പൻകോട് ലഹരിവിൽപ്പനയെക്കുറിച്ച് പൊലീസിന് വിവരം നൽകിയതിന് പ്രതികൾ മര്‍ദ്ദിച്ച പ്ലസ് ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും ഭീഷണി തീരുന്നില്ല. പ്രതികൾ ഒളിവിലെന്ന് പൊലീസ് പറയുമ്പോഴാണ് പരസ്യമായുള്ള ഭീഷണി. അതേ സമയം അയൽവാസികൾ തമ്മിലെ തർക്കമാണ് കേസിനാധാരമെന്നും ലഹരി സംഘവുമായി ബന്ധമില്ലെന്നുമാണ് പൊലീസ് വിശദീകരണം

ഈ മാസം ഏഴിന് രാത്രിയാണ് അയൽവാസിയും ബന്ധുവുമായ മുരുകന്‍റെ കഞ്ചാവ് ഉപയോഗത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകിയതിന് പ്രതികളുടെ മര്‍ദ്ദനമേറ്റതെന്നാണ് അമ്മയുടേയും മകളുടേയും പരാതി. ലഹരി ഉപയോഗത്തെക്കുറിച്ച് വിവരം അറിയിക്കാനുള്ള കേരള പൊലീസിന്‍റെ യോദ്ധാവിലേക്ക് നമ്പറിലേക്ക് വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനാൽ വെഞ്ഞാറമ്മൂട് പൊലീസിൽ പരാതി അറിയിച്ചതിന് പിന്നാലെയായിരുന്നു മര്‍ദ്ദനം. പിറ്റേന്ന് പുലര്‍ച്ചെ രണ്ടരയ്ക്ക് പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ പൊലീസ് പരാതി ഗൌരവത്തിലെടുത്തില്ലെന്ന് അമ്മയും മകളും പറയുന്നു.

സ്കൂളിലെ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയിൽ നിന്ന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അദ്യം യോദ്ധാവിനും പിന്നീട് പൊലീസിനും പെൺകുട്ടി പരാതി നൽകിയത്. എന്നാൽ ലഹരിസംഘത്തെക്കുറിച്ച് പരാതി നൽകിവരെക്കുറിച്ചുള്ള വിവരം രഹസ്യമായി പൊലീസ് സൂക്ഷിക്കുമെന്ന് പറയുമ്പോൾ എങ്ങനെ വിവരങ്ങൾ ചോര്‍ന്നുവെന്നാണ് വിദ്യാര്‍ത്ഥിനിയുടെ അമ്മ ചോദിക്കുന്നത്.  

Read More : മംഗലപുരം സ്റ്റേഷനിലെ ഫയലുകൾ എസ്.പി നേരിട്ട് പരിശോധിക്കുന്നു: കൂടുതൽ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

ഭീഷണി കാരണം ക്രിസ്മസ് അവധിയ്ക്ക് ശേഷം സ്കൂളിൽ പോകാനാകാതെ പഠിപ്പുമുടങ്ങിയ വിദ്യാര്‍ത്ഥിനിയ്ക്ക് തിങ്കളാഴ്ച മുതൽ സ്കൂൾ ബസ് സൗകര്യം സൗജന്യമായി നൽകാനാണ് പിടിഎ തീരുമാനം. സംഭവം വാര്‍ത്തയായതോടെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. മാഫിയക്കെതിരെ വിവരം നൽകിയതിന് പ്ലസ് ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും മർദനമേറ്റു എന്ന വാർത്ത ഞെട്ടിക്കുന്നതെന്ന്  മന്ത്രി പറഞ്ഞു. സംഭവം അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.  

മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ഹയര്‍സെക്കൻഡറി വിഭാഗം ജോയിന്‍റ് ഡയറക്ടര്‍ വിവരങ്ങൾ അന്വേഷിക്കാൻ പരാതിക്കാരുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ പരാതിക്ക് പിന്നിൽ അയൽവാസികളും ബന്ധുക്കളുമായ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നമാണെന്ന് പറഞ്ഞ് കൈകഴുകുകയാണ് പൊലീസ്. മര്‍ദ്ദിച്ചതിന് കേസെടുത്തിട്ടുണ്ടെന്നും പ്രതികൾ ഒളിവാണെന്നുമാണ് പൊലീസ് വിശദീകരണം.

Read More : 'എനി ടൈം മണി'; കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി കമ്പനി ഡയറക്ടര്‍ മുങ്ങി, കേസ് ജില്ലാ ക്രൈംബ്രാഞ്ചിന്

Follow Us:
Download App:
  • android
  • ios