
ഹരിപ്പാട്: ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാര്‍ത്ഥിനി സാവരിയ ബസന്തിന്റെ (21) ശരീരമാസകലം ക്രൂരമർദനമേറ്റ പാടുകളുണ്ടെന്ന് ബന്ധുക്കൾ. മൃതദേഹം നാട്ടിലെത്തിച്ച് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയപ്പോഴാണ് ബന്ധുവായ ജെനീഷ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പ്രണയം നടിച്ച് മതപരിവർത്തനത്തിന് സാവരിയയെ നിർബന്ധിച്ചിരുന്നതായും എന്നാൽ അവസാന നിമിഷംവരെ അതിന് വഴങ്ങാതിരുന്നതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും സഹപാഠികൾ പറഞ്ഞതായി ബന്ധുക്കൾ ആരോപിച്ചു.
സാവരിയയെ കൊലപ്പെടുത്തിയ കേസിൽ സഹപാഠിയും മലപ്പുറം സ്വദേശിയുമായ സദറുൽ അനം പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഒരേ ഹോസ്റ്റലിൽ താമസിച്ചിരുന്ന സദറുൽ അനം സാവരിയയെ നിരന്തരം മർദിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം.
മൃതദേഹത്തിൽ മുറിവേൽക്കാത്ത ഭാഗങ്ങളില്ലെന്നും ശരീരമാസകലം മുറിവുകളും ചതവുകളും ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കി. ഉസ്ബകിസ്ഥാനിലെ അന്വേഷണ ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിക്കുകയും മൃതദേഹത്തിന്റെ ചിത്രങ്ങൾ കാണിച്ചുതരികയും ചെയ്തിരുന്നു. പ്രതി ഒരു കാരണവശാലും നിയമത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെടരുതെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ബന്ധുക്കൾ ഉസ്ബകിസ്ഥാനിൽ നേരിട്ടെത്തിയിരുന്നെങ്കിലും അന്വേഷണത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും അവിടെനിന്ന് ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് മൃതദേഹം വണ്ടാനത്ത് വീണ്ടും പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയത്. നിയമനടപടികൾ ശക്തമാക്കുന്നതിനും പ്രതി രക്ഷപ്പെടാതിരിക്കാനുമായി ഹരിപ്പാട് പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
സാവരിയയും പ്രതി സദറുൽ അനമും ഉസ്ബകിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാംവർഷ വിദ്യാര്‍ത്ഥികളാണ്. കാമ്പസിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരേ ഹോസ്റ്റൽ സമുച്ചയത്തിലാണ് താമസിച്ചിരുന്നത്. ലാപ്ടോപ് ഉപയോഗിച്ച് തലയിൽ അടിച്ചുവെന്നാണ് പ്രാഥമിക വിവരം ലഭിച്ചിട്ടുള്ളതെങ്കിലും മരണകാരണം അതുമാത്രമല്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. ബുഖാറ പൊലീസ് സംഭവത്തിൽ കാര്യമായ അന്വേഷണം നടത്തിയില്ലെന്നും ഇവർ പരാതിപ്പെടുന്നു. അവധിക്കായി ജൂലൈ ഒമ്പതിന് നാട്ടിലേക്ക് മടങ്ങാൻ സാവരിയ വിമാന ടിക്കറ്റും എടുത്തിരുന്നു. സംഭവത്തിന് പിന്നാലെ കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ സഹായമൊന്നും ലഭിച്ചില്ലെന്നും ഇന്ത്യൻ എംബസിയുടെയും മറ്റ് നിരവധി പേരുടെയും പിന്തുണയോടെയാണ് മൃതദേഹം ഡൽഹി വഴി നാട്ടിലെത്തിച്ചതെന്നും ബന്ധുക്കൾ കൂട്ടിച്ചേർത്തു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam