കശ്മീരില്‍ മഞ്ഞുമലയിടിഞ്ഞ് വീണ് മരിച്ച മലയാളി സൈനികന് നാട് വിട ചൊല്ലി

By Web TeamFirst Published May 7, 2021, 10:48 PM IST
Highlights

സുബേദാര്‍ സി.പി. ഷിജിയുടെ ജന്മ നാടായ പൊഴുതനയിലെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച് ഭൗതിക ശരീരത്തില്‍ ജില്ലാകലക്ട്ടര്‍ ഡോ. അദീല അബ്ദുല്ല റീത്ത് സമര്‍പ്പിച്ചു. 

കല്‍പ്പറ്റ: കാശ്മീരില്‍ മഞ്ഞുമലയിടിഞ്ഞ് വീണ് മരിച്ച പൊഴുതന സ്വദേശി നയിക്ക് സുബേദാര്‍ സി.പി. ഷിജിയുടെ ഭൗതിക ശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.  സുബേദാര്‍ സി.പി. ഷിജിയുടെ ജന്മ നാടായ പൊഴുതനയിലെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച് ഭൗതിക ശരീരത്തില്‍ ജില്ലാകലക്ട്ടര്‍ ഡോ. അദീല അബ്ദുല്ല റീത്ത് സമര്‍പ്പിച്ചു. തുടര്‍ന്ന് കുറിച്ച്യാര്‍ മലയിലെ തറവാട്ട് വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വാസിപ്പിച്ചു.

 തറവാട് വീടായ കറുവന്തോട് പണിക്കശ്ശേരി വീട്ടിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്. മേയ് നാലിനാണ് കാര്‍ഗിലില്‍ മഞ്ഞുമലയിടിഞ്ഞ് 45 കാരനായ നയിക് സുബേദര്‍ സി.പി. ഷിജി മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വൈത്തിരി തഹസില്‍ദാര്‍ എം.ഇ.എന്‍ നീലകണ്ഠന്‍ ജില്ലാ ഭരണകൂടത്തെ പ്രതിനിധീകരിച്ച് ഏറ്റുവാങ്ങി. 

28 മദ്രാസ് റജിമെന്റിലെ സൈനികനായ ഷിജി സ്ഥാനക്കയറ്റത്തെ  തുടര്‍ന്നാണ് പഞ്ചാബില്‍ നിന്നും കാശ്മീരില്‍ എത്തിയത്. ഷിജി ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ വന്നത്. വെങ്ങപ്പള്ളി കാപ്പാട്ട്ക്കുന്നിലായിരുന്നു താമസം. കറുവന്തോട് പണിക്കശ്ശേരി വീട്ടില്‍ പരേതനായ ചന്ദ്രന്റെയും ശോഭനയുടെയും മകനാണ്. സരിതയാണ് ഭാര്യ. കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാംക്ലാസ് വിദ്യാര്‍ഥി അഭിനവ്, ഒന്നരവയസുള്ള അമയ എന്നിവരാണ് മക്കള്‍. ഷൈജു, സിനി സഹോദരങ്ങളാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!