ടിസിഎസിലെ ജോലി വിട്ട് ഡെബിയനിലേക്ക്, പ്രൊജക്ട് ലീഡർ പദവിയിലെത്തുന്ന ആദ്യ ഏഷ്യക്കാരി, വൻ നേട്ടവുമായി മലയാളി വനിത

Published : Apr 23, 2026, 12:48 PM IST
shruthi

Synopsis

ആദ്യകാല ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഒന്നുമായ ഡെബിയൻറെ നേതൃനിരയിലേക്ക് എത്തുന്ന ആദ്യത്തെ ഏഷ്യൻ വംശജ കൂടിയാണ് മലയാളിയായ ശ്രുതി ചന്ദ്രൻ.

മുംബൈ: ആദ്യകാല ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഒന്നായ ഡെബിയൻറെ പ്രൊജക്ട് ലീഡറായി മലയാളി വനിത. ലോകമെമ്പാടുമുള്ള സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മ വികസിപ്പിച്ചെടുക്കുന്ന ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും ആദ്യകാല ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഒന്നുമായ ഡെബിയൻറെ നേതൃനിരയിലേക്ക് എത്തുന്ന ആദ്യത്തെ ഏഷ്യൻ വംശജ കൂടിയാണ് മലയാളിയായ ശ്രുതി ചന്ദ്രൻ. 33 വര്‍ഷങ്ങളായി സജീവമായി നിലനില്‍ക്കുന്ന ഡെബിയൻ പ്രോജക്റ്റിലെ ആയിരത്തിലധികം ഔദ്യോഗിക അംഗങ്ങളാണ് വോട്ടെടുപ്പിലൂടെ പ്രോജക്റ്റ് ലീഡറെ തിരഞ്ഞെടുക്കുന്നത്. നിലവിൽ ഇന്ത്യയിൽ നിന്നുള്ള 17 ഡെബിയൻ ഡെവലപ്പർമാരിൽ 9 പേരും കേരളത്തിൽ നിന്നുള്ളവരാണ്. ഡെബിയൻ പ്രോജക്റ്റിന്റെ ഔദ്യോഗിക പ്രതിനിധിയാണ് ഡെബിയൻ പ്രോജക്റ്റ് ലീഡർ.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഉള്‍പ്പടെ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഡെബിയൻ. ഇതിലാണ് ഇന്റർനെറ്റിലെ വലിയൊരു ശതമാനം സെർവറുകൾ പ്രവർത്തിക്കുന്നത്. ഉബണ്ടു, കേരളത്തിലെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളില്‍ ഉപയോഗിക്കുന്ന കൈറ്റ് ലിനക്സ് തുടങ്ങിയ 450ല്‍ പരം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഡെബിയനിൽ നിന്ന് രൂപംകൊണ്ടവയാണ്.

ഡെബിയൻ ഡെവലപ്പർമാർ വർഷാവർഷം തിരഞ്ഞെടുക്കുന്ന പ്രോജക്റ്റ് ലീഡർ, പ്രോജക്റ്റിന്റെ പൊതുപ്രതിനിധിയായി പ്രവർത്തിക്കുകയും കമ്മ്യൂണിറ്റി തീരുമാനങ്ങൾ ഏകോപിപ്പിക്കുകയും തർക്കങ്ങൾ പരിഹരിക്കുകയും ഭരണപരമായ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നത്. സമീപകാലത്ത് നടന്ന തിരഞ്ഞെടുപ്പിലൂടെ ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിതയും ആദ്യത്തെ ഏഷ്യക്കാരിയുമായി ശ്രുതി ചന്ദ്രൻ മാറി. പുതിയ നേതാവിന്റെ കാലാവധി ഏപ്രിൽ 21ന് ആരംഭിച്ച് 2027 ഏപ്രിൽ 20ന് അവസാനിക്കും.

കണ്ണൂർ സ്വദേശിയായ ശ്രുതി ചന്ദ്രൻ ടിസിഎസിൽ ലൈബ്രേറിയനായി ജോലി ചെയ്യുന്നതിനിടയിലാണ് ഡെബിയൻ പ്രോജക്റ്റിൽ ചേരുന്നത്. 2016ൽ ഡെബിയനിൽ സംഭാവനകൾ നൽകിത്തുടങ്ങിയ ശ്രുതി 2018ലാണ് ഔദ്യോഗിക അംഗമായത്. ഡിപിഎൽ ആകുന്നതിന് മുൻപ്, ഡെവലപ്പർമാർക്കിടയിലെ തർക്കങ്ങൾ പരിഹരിക്കുന്ന 'ഡെബിയൻ കമ്മ്യൂണിറ്റി ടീം', അന്താരാഷ്ട്ര സമ്മേളനമായ ഡെബ്കോൺഫിന് മാർഗ്ഗനിർദ്ദേശം നൽകുന്ന 'ഡെബ്കോൺഫ് കമ്മിറ്റി', പുതിയ പ്രവർത്തകരെ പ്രോജക്റ്റിലേക്ക് കൊണ്ടുവരുന്ന 'ഡെബിയൻ ഔട്ട്‌റീച്ച് ടീം' എന്നിവയിൽ അവർ സജീവമായി പ്രവർത്തിച്ചിരുന്നു.

2020 മുതൽ ഡിപിഎൽ പദവിക്കായുള്ള അന്താരാഷ്ട്ര തിരഞ്ഞെടുപ്പിൽ മത്സരിച്ചുവരികയായിരുന്ന ശ്രുതിയെ ഈ വർഷമാണ് ഡെബിയൻ കമ്മ്യൂണിറ്റി നേതാവായി തിരഞ്ഞെടുത്തത്. നിലവിൽ മുംബൈയിൽ താമസിക്കുന്ന ശ്രുതിയുടെ ഭർത്താവ് പ്രവീൺ അരിമ്പ്രാതൊടിയിലും കേരളത്തിൽ നിന്നുള്ള ഒരു ഡെബിയൻ ഡെവലപ്പർ ആണ്. ബേക്കിംഗ്, വായന എന്നിവയാണ് ശ്രുതിയുടെ മറ്റു താല്പര്യങ്ങൾ. 2023ൽ കൊച്ചി ഇൻഫോപാർക്കിൽ വെച്ച് നടന്ന അന്താരാഷ്ട്ര ഡെബിയൻ കോൺഫറൻസ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ ശ്രുതി നിർണ്ണായക പങ്ക് വഹിച്ചിരുന്നു. രണ്ടാഴ്ച നീണ്ടുനിന്ന ഈ പരിപാടിയുടെ മുഖ്യ സംഘാടകയും അവരായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുനൂറിലധികം പേർ ഈ സമ്മേളനത്തിൽ പങ്കെടുത്തു.

സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരക എന്ന നിലയിൽ ദേശീയ അന്തർദ്ദേശീയ തലങ്ങളിൽ നിരവധി ക്ലാസുകൾ കൈകാര്യം ചെയ്തിട്ടുള്ള ശ്രുതി, സ്വതന്ത്ര സോഫ്റ്റ്‌വെയർ രംഗത്ത് പ്രശസ്തയാണ്. നിരവധി പെൺകുട്ടികളെ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിലേക്ക് കൊണ്ടുവരുന്നതിനും അവർക്ക് പ്രചോദനം നൽകുന്നതിനും ശ്രുതിക്ക് സാധിച്ചിട്ടുണ്ട്. കേരളത്തിലെ സ്വതന്ത്രസോഫ്റ്റ്വെയർ കൂട്ടായ്മകളുടെ കൺസോഷ്യമായ കേരളഫോസ്സിലും ഇടപെട്ടുവരുന്ന ശ്രുതി വിക്കിപീഡിയയും ഓപ്പൺസ്ട്രീപ്പ് മാപ്പ്, സ്വതന്ത്ര മലയാളം കമ്പ്യൂടിങ്ങ് തുടങ്ങിയ സമൂഹങ്ങളുടെ പരിപാടികളിലും സജീവ സാന്നിദ്ധ്യമാണ്.

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; എട്ട് വയസ്സുകാരന് ദാരുണാന്ത്യം
പരീക്ഷയെഴുതാന്‍ ഹാജര്‍ കുറവ്; കുസാറ്റ് വിദ്യാർഥി താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ