
കോഴിക്കോട് : കാണാതായ റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവറെയും ഭാര്യയെയും കാണാതായത് പൊലീസ് ചോദ്യംചെയ്യൽ ശക്തമാക്കിയതിന് പിന്നാലെ. 2023 ആഗസ്റ്റ് 21നാണ് മാമിയെ കാണാതാകുന്നത്. അന്ന് അവസാനമായി മാമി കണ്ടത് ഡ്രൈവറെയായിരുന്നു. ഇതിന് പിറകെയാണ് മാമിയെ കാണാതാകുന്നത്. കഴിഞ്ഞ മാസം 20 മുതൽ ക്രൈം ബ്രാഞ്ച് സംഘം ഇടയ്ക്കിടെ ഇവരെ ചോദ്യം ചെയ്യുന്നുണ്ട്. 7 ന് ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ഡ്രൈവർ രജിത് കുമാറിന്റെ ഭാര്യ തുഷാരയുടെ ഫോൺ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഈ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചു. 8ന് വീണ്ടും ഹാജരാകാൻ പറഞ്ഞു. ഇതിന് ശേഷമാണ് ഇരുവരെയും കാണാതാകുന്നത്.
കഴിഞ്ഞ ഏഴാം തീയതി മുതൽ രജിത് കുമാറിനെ കാണാതായി എന്നാണ് കുടുംബം നൽകിയ പരാതിയിലുളളത്. ഏഴാം തീയതി ഭാര്യയുടെ സഹോദരനോട് മക്കളെ സ്കൂളിൽ നിന്നും കൂട്ടുവാൻ രജിത് പറഞ്ഞിരുന്നു. പിന്നീട് വീട് പൂട്ടിയിറങ്ങി. അന്ന് കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിന് അടുത്ത് ലോഡ്ജിൽ റൂം എടുത്തിരുന്നു. ഇന്നലെ രാവിലെയാണ് ലോഡ്ജ് വിട്ടുപോയത്. എവിടെ പോയി എന്ന് അറിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. രജിത് കുമാറിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കെഎസ്ആർടിസി സ്റ്റാൻഡിന്റെ മുന്നിലൂടെ രജിത് കുമാറും ഭാര്യയും നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട് . പിന്നീട് ഓട്ടോയിൽ കയറി പോകുന്നതും കാണാം.അതെവിടേക്കെന്നതിൽ വ്യക്തതയില്ല.
മാമിയെ കാണാതായതിന്‍റെ തലേന്ന് തലക്കോളത്തൂരിലെ ഓഫിസിൽ വച്ച് മാമിയും രജിതും കണ്ടിരുന്നു. മാമിയുടെ അവസാന ഫോൺ ലൊക്കേഷൻ ലഭിച്ച ഇടത്തും രജിത്തിന്റെ സാനിധ്യം കണ്ടെത്തിയിരുന്നു. ഇതിന് പിറകെയാണ് അന്വേഷണ രജിത്തിൽ കേന്ദ്രീകരിച്ചത്. തന്നെയും ഭാര്യയെയും ചോദ്യം ചെയ്തതിനു പുറമെ കുട്ടികളെകൂടി ചോദ്യം ചെയ്യാന്‍ നീക്കമുണ്ടന്നും ഇതു തടയണമെന്നും ആവശ്യപ്പെട്ട് രജിത് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദീകരിച്ച് രജിതിനെയും തുഷാരയെയും കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി നടക്കാവ് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam