വിറക് ചോദിച്ച് വീട്ടിലെത്തി, ആളില്ലെന്ന് കണ്ട് അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമം; പ്രതി ഒളിവിൽ, പ്രതിഷേധം

Published : Nov 18, 2022, 06:33 PM IST
വിറക് ചോദിച്ച് വീട്ടിലെത്തി, ആളില്ലെന്ന് കണ്ട് അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമം; പ്രതി ഒളിവിൽ, പ്രതിഷേധം

Synopsis

വീടിനകത്ത് കയറിയ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവരുടെ ബഹളം കേട്ട് നാട്ടുകാരെത്തിയതോടെ രജീഷ് സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ യുവാവ് ഒളിവില്‍ തുടരുന്നു. സംഭവം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടിക്കാത്തതില്‍ പൊലീസിനെതിരെ പ്രതിഷേധം ശക്തമായി. സ്ഥലത്ത് ഹോട്ടൽ നടത്തുന്ന തൂണേരി കോടഞ്ചേരി സ്വദേശിയായ മീത്തല്‍ രജീഷാണ് ഒറ്റക്ക് താമസിക്കുന്ന വയോധികയെ വീട്ടില്‍ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതിന് ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. അഞ്ച് ദിവസമായിട്ടും ഇയാളെ കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഈ പ്രദേശത്ത് ഹോട്ടല്‍ നടത്തി വന്നിരുന്ന പ്രതി വിറക് ആവശ്യപ്പെട്ടാണ് വയോധികയെ സമീപിച്ചത്. തുടര്‍ന്ന് വീടിനകത്ത് കയറിയ ഇയാള്‍ വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവരുടെ ബഹളം കേട്ട് നാട്ടുകാരെത്തിയതോടെ രജീഷ് സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. പരുക്കേറ്റ വയോധികയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞെങ്കിലും പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇയാളുടെ ഫോട്ടോയടക്കം എല്ലാ വിവരങ്ങളും കിട്ടിയിട്ടും എന്തുകൊണ്ടാണ് പ്രതിയെ പിടിക്കാനാകാത്തത് എന്നതാണ് പ്രതിഷേധക്കാ‍ർ ഉയർത്തുന്ന ചോദ്യം.

എന്നാൽ അന്വേഷണം കാര്യക്ഷമമായി നടക്കുകയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാളെ കണ്ടെത്താനായുള്ള പരിശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു.  പ്രതിയുടെ വീട്ടിലും ബന്ധു വീടുകളിലും വ്യാപക പരിശോധന നടത്തിയിരുന്നെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ ഇയാൾ ഒളിവിലാണെന്നും അധികം വൈകാതെ തന്നെ പിടിയിലാകുമെന്നും പൊലീസ് പ്രതീക്ഷ പങ്കുവച്ചു. രജീഷ് നേരത്തെ ചെന്നൈയില്‍ ജോലി ചെയ്തിരുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇവിടേക്ക് ആണോ മുങ്ങിയത് എന്ന കാര്യത്തിൽ പൊലീസിന് സംശയമുണ്ട്. ഇതിനെത്തുടര്‍ന്ന് അന്വേഷണം ചെന്നൈയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

തൃശൂർ കേരളവർമ്മ കോളേജിൽ അധ്യാപകരെ തടഞ്ഞുവച്ച് എസ്എഫ്ഐ സമരം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു
റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു