സ്റ്റാഫ് മീറ്റിംഗിനിടെയാണ് എസ് എഫ് ഐ പ്രവർത്തകർ സമരവുമായി റൂമിലേക്ക് എത്തിയത്

തൃശൂർ: തൃശൂർ കേരളവർമ്മ കോളേജിൽ അധ്യാപകരെ തടഞ്ഞുവച്ച് എസ് എഫ് ഐ സമരം. ആവശ്യത്തിനുള്ള ഗസ്റ്റ് അധ്യാപകരെ നിയമിക്കണം എന്നാവശ്യപ്പെട്ടാണ് എസ്‌ എഫ് ഐ സമരവുമായി രംഗത്തുവന്നത്. സ്റ്റാഫ് കൗൺസിൽ നടക്കുന്ന ഹാളിൽ ആണ് എസ്‌ എഫ് ഐ പ്രവർത്തകർ അധ്യാപകരെ തടഞ്ഞു വെച്ചത്. സ്റ്റാഫ് മീറ്റിംഗിനിടെയാണ് എസ് എഫ് ഐ പ്രവർത്തകർ സമരവുമായി റൂമിലേക്ക് എത്തിയത്. ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കും വരെ സമരം തുടരുമെന്ന തീരുമാനമാണ് സമരക്കാർ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ആദ്യം വിഷയത്തിൽ ഇടപെട്ടില്ല. പ്രതിഷേധം സമാധാനപരമായിട്ടാകും നടത്തുകയെന്നാണ് വിദ്യാർഥികൾ വ്യക്തമാക്കിയിരുന്നു. പിന്നീട് സമരം നടത്തിയ വിദ്യാ‍ർഥികളുമായി പൊലിസിന്‍റെ നേതൃത്വത്തിൽ ചർച്ച നടത്തി. ഇതിന് ശേഷം വിദ്യാ‍ർഥികൾ സമരം അവസാനിപ്പിച്ചു. വിദ്യാ‍ർഥികളുടെ സമരം ഒരു മണിക്കൂറോളം നീണ്ടുനിന്നു.

കേരളവർമ്മ കോളേജിൽ അധ്യാപകരെ തടഞ്ഞുവെച്ച് എസ്എഫ്ഐ സമരം | SFI Protest | Kerala Varma College

5 വയസുകാരനെ ഉടുപ്പില്ലാതെ നിലത്തുകിടത്തി, അതിരുവിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

അതേസമയം എസ് എഫ് ഐയെ സംബന്ധിച്ച് പുറത്തുവരുന്ന മറ്റൊരു വാർത്ത തിരുവനന്തപുരം സംസ്കൃത കോളേജിന് മുന്നിലെ കവാടത്തിൽ ഗവർണറെ അധിക്ഷേപിക്കുന്ന തരത്തിൽ സ്ഥാപിച്ചിരുന്ന ബാനറിൽ നടപടിയുണ്ടാകില്ല എന്ന കാര്യത്തിൽ സ്ഥിരീകരണമായി. കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായ ബാനറിൽ ഗവർണറാണ് നടപടി വേണ്ടെന്ന് നിർദ്ദേശിച്ചത്. അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണ് ബാനറെങ്കിലും ഇതിന്‍റെ പേരിൽ എസ് എഫ് ഐ വിദ്യാർത്ഥികൾക്കെതിരെ നടപടി പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ഗവർണർ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കി. അവർ കുട്ടികളല്ലേയെന്നും 'പഠിച്ചതല്ലേ പാടൂ' എന്നും ഗവർണർ ഈ വിഷയത്തിൽ അഭിപ്രായപ്പെട്ടു. നേരത്തെ ബാനർ വിഷയത്തിൽ സംസ്കൃത കോളേജിലെ പ്രിൻസിപ്പലിനോട് വിശദീകരണം തേടാൻ രാജ് ഭവൻ നിർദ്ദേശം നൽകിയിരുന്നു. കേരള സർവകലാശാല വൈസ് ചാൻസലർക്കും സർവകലാശാല രജിസ്ട്രാർക്കുമാണ് രാജ് ഭവൻ നേരത്തെ നിർദ്ദേശം നൽകിയത്. ഇതിന് പിന്നാലെയാണ് ഇന്ന് ഗവർണർ തന്നെ വിഷയത്തിലെ തന്‍റെ അഭിപ്രായം പരസ്യമാക്കിയത്. അതുകൊണ്ടുതന്നെ ബാനർ വിഷയത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകില്ലെന്ന് വ്യക്തമായത്.