പൊള്ളലേറ്റ് യുവതിയുടെ മരണം: കൊലപാതകത്തിലേക്ക് നയിച്ചത് ഭര്‍ത്താവിന്റെ മദ്യപാനം, പ്രതിയെ റിമാന്‍റ് ചെയ്തു

By Web TeamFirst Published Aug 26, 2021, 8:57 PM IST
Highlights

തന്നെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് മരിക്കുന്നതിന് തൊട്ടുമുന്‍പ് യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതെന്ന് സി.ഐ. ബെന്നി ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

വയനാട്: സുല്‍ത്താന്‍ ബത്തേരി മൂലങ്കാവിനടുത്ത് ഓടപ്പള്ളത്ത് യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ റിമാന്റ് ചെയ്തു. ഓടപ്പള്ളം പ്ലാക്കാട്ട് ഉണ്ണികൃഷ്ണന്റെ ഭാര്യ ഷിനിയാണ്(41) മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ശരീരത്തില്‍ തീ ആളിപടര്‍ന്നതിനെ തുടര്‍ന്ന് വീടിന് പുറത്തേക്ക് ഓടിയിറങ്ങിയ ഷിനിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. എണ്‍പത് ശതമാനം പൊള്ളലേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണനെ സംഭവം നടന്ന പിറ്റേന്ന് പുലര്‍ച്ചെ തന്നെ സുല്‍ത്താന്‍ബത്തേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്നെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് മരിക്കുന്നതിന് തൊട്ടുമുന്‍പ് യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതെന്ന് സി.ഐ. ബെന്നി ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. സ്ഥിരം മദ്യപാനിയായിരുന്ന ഉണ്ണിക്കൃഷ്ണന്‍ വീട്ടിലെത്തിയാല്‍ ഷിനിയുമായി വഴക്കിടുന്നത് പതിവായിരുന്നുവെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പ്രിയ വിനോദ് പറഞ്ഞു. 

പ്രശ്‌നങ്ങള്‍ ഏറിയപ്പോള്‍ നാല് മാസത്തിനിടെ രണ്ട് തവണ പോലീസ് ഉണ്ണിക്കൃഷ്ണനെ വിളിപ്പിച്ച് ശാസിച്ചിരുന്നു. ഇതിന് സേഷം കുറച്ചുദിവസത്തെ നല്ലനടപ്പിന് ശേഷം മദ്യപാനം തുടങ്ങുമെന്നും ഇതാണ് ഷിനിയുടെ മരണത്തിലേക്ക് എത്തിച്ചതെന്നുമാണ് കരുതുന്നതെന്ന് കൗണ്‍സിലര്‍ സൂചിപ്പിച്ചു. മരംവെട്ട് തൊഴിലാളിയായിരുന്ന ഉണ്ണിക്കൃഷ്ണന്‍ സംഭവ ദിവസവും മദ്യലഹരിയിലായിരുന്നു. വീട്ടിന്റൈ ജനല്‍ ചില്ലുകള്‍ നേരത്തെ ഇയാള്‍ തല്ലി തകര്‍ത്തിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. ഇന്ന് വൈകുന്നേരത്തോടെയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. അതേ സമയം പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടില്ലെന്ന് പോലീസ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!