മാവേലിക്കരയിൽ വയോധികയെ ആക്രമിച്ച് മാല കവർന്നയാൾ അറസ്റ്റിൽ

By Web TeamFirst Published Apr 9, 2021, 9:37 PM IST
Highlights

കണ്ടിയൂരിൽ വയോധികയെ ആക്രമിച്ച് മാല കവർന്ന കേസിലെ പ്രതി അറസ്റ്റിലായി. കായംകുളം കൃഷ്ണപുരം കളീക്കത്തറ വടക്കതിൽ സജിത്കുമാറിനെ (34) യാണ് മാവേലിക്കര പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്.

മാവേലിക്കര: കണ്ടിയൂരിൽ വയോധികയെ ആക്രമിച്ച് മാല കവർന്ന കേസിലെ പ്രതി അറസ്റ്റിലായി. കായംകുളം കൃഷ്ണപുരം കളീക്കത്തറ വടക്കതിൽ സജിത്കുമാറിനെ (34) യാണ് മാവേലിക്കര പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. 

കഴിഞ്ഞ ഫെബ്രുവരി 17ന് കണ്ടിയൂർ ചന്തയ്ക്ക് സമീപം വെച്ചായിരുന്നു സംഭവം. സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് നടന്നു പോവുകയായിരുന്ന കണ്ടിയൂർ പടിഞ്ഞാറേതോപ്പിൽ രമണി (60) യെ പിന്തുടർന്ന് വന്ന് ആക്രമിച്ചാണ് പ്രതി മാല പൊട്ടിച്ചെടുത്തത്. ഹെൽമറ്റ് ധരിച്ചിരുന്ന പ്രതിയേയും വാഹനത്തെയും സംബന്ധിച്ച അടയാളങ്ങൾ ശേഖരിച്ച് പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു.

 സി സി ടി വി ദൃശ്യങ്ങളിൽ നിന്നും തടിച്ച ശരീര പ്രകൃതമുളളയാൾ ചുവന്ന ടി വി എസ് ബൈക്കിലാണ് വന്ന് കവർച്ച നടത്തി കായംകുളം ഭാഗത്തേക്ക് കടന്നു കളഞ്ഞതെന്ന സൂചന കിട്ടി. മാവേലിക്കര ഇൻസ്പെക്ടർ ജി പ്രൈജുവിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നൂറോളം സിസിടിവി ക്യാമറകൾ പരിശോധിച്ചു. 

ഇതിനിടെ ഫെബ്രുവരി 27 ന് മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ തെക്കേനടയിൽ സംശയാസ്പദമായി കണ്ട പ്രതിയെ അന്വേഷണ സംഘാംഗമായ എസ്ഐ ടി ആർ ഗോപാലകൃഷ്ണൻ തടഞ്ഞു നിർത്തി ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോൾ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു.

സമാന കവർച്ചാ കേസുകളിൽ അടുത്തിടെ ജയിൽ മോചിതരായവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ജയിലിൽ നിന്നും ഇറങ്ങിയ ശേഷം വീടുമായി ബന്ധമില്ലാതെ വിവിധ സ്ഥലങ്ങളിൽ കറങ്ങി നടന്ന പ്രതിയെ ഷാഡോ സംഘത്തിന്റെ ഒരു മാസത്തിലധികം നീണ്ട തിരച്ചിലിനൊടുവിൽ കഴിഞ്ഞ ദിവസം ഹരിപ്പാട് കാഞ്ഞൂർ അമ്പലത്തിന് സമീപം വച്ച് പിടികൂടുകയായിരുന്നു. 

ഇയാൾ കായംകുളം, കരുനാഗപ്പളളി, ചവറ, ശക്തികുളങ്ങര, കൊല്ലം ഈസ്റ്റ്, പന്തളം പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങിയതാണ്. ഹരിപ്പാട്, മാവേലിക്കര എന്നിവിടങ്ങളിലെ ബൈക്ക് മോഷണവും കരുനാഗപ്പളളി, പന്തളം എന്നിവിടങ്ങളിലെ മൊബൈൽ ഫോൺ മോഷണവും പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

 കവർച്ച ചെയ്ത സ്വർണാഭരണം പരിചയക്കാരൻ മുഖേന കായംകുളത്തുളള സഹകരണ ബാങ്കിൽ പണയം വച്ചിരുന്നത് കണ്ടെടുത്തിട്ടുണ്ട്. ഹരിപ്പാട് നിന്നും മോഷ്ടിച്ച് ചെന്നിത്തലയിൽ വിറ്റ ബൈക്കും കണ്ടെടുത്തു. 

click me!