
തിരുവനന്തപുരം: പാലോട് ഓട്ടോറിക്ഷ ഡ്രൈവറായ വയോധികനെ ആക്രമിച്ച് പണം പിടിച്ചു പറിച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍. അടുത്തിടെ പൊലീസിന്‍റെ കരുതൽ തടങ്കലില്‍ നിന്ന് പുറത്ത് ഇറങ്ങിയ റെമോ എന്ന് വിളിക്കുന്ന അരുൺ (24) നെയാണ് പാലോട് പൊലീസ് പിടികൂടിയത്. ഇയാള്‍ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഉൾവനത്തിൽ ഏറുമാടം കെട്ടി ഒളിവിൽ താമസിച്ചു വരികയായിരുന്നു അരുൺ. ഓട്ടോറിക്ഷാ ഡ്രൈവറായ ഊളൻകുന്ന് ആലംപ്പാറ കോനത്തു വീട്ടിൽ സുരേന്ദ്രനെ (73) അക്രമിച്ച് പണം തട്ടിയത് കേസിൽ ആണ് അരുൺ പിടിയിലായത്.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന സുരേന്ദ്രനെ ഊളൻകുന്ന് എന്ന സ്ഥലത്ത് വച്ച് പിന്തുടർന്ന് വന്ന അരുൺ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ പോക്കറ്റ് വലിച്ചു കീറി അതിൽ ഉണ്ടായിരുന്ന രണ്ടായിരം രൂപ പിടിച്ച് പറിക്കുകയായിരുന്നുവെന്ന് പാലോട് പൊലീസ് പറഞ്ഞു.
സുരേന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അരുണിനെ പിടികൂടുന്നത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അതേസമയം, താമരശ്ശേരിയിൽ നിന്ന് മാസങ്ങൾക്ക് മുമ്പ് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടാം പ്രതി പൊലീസിന്‍റെ പിടിയിലായി. കോഴിക്കോട് പെരുമണ്ണ സ്വദേശി നൗഷാദിനെയാണ് താമരശ്ശേരി പൊലീസ് പിടികൂടിയത്.
കേസിൽ നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി അലി ഉബൈറാൻറെ അടുത്ത അനുയായി ആണ് നൗഷാദ്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. നവംബർ 22നാണ് താമരശ്ശേരി സ്വദേശി അഷറഫിനെ അലി ഉബൈറാൻറെ നേതൃത്വത്തിലുളള സംഘം തട്ടിക്കൊണ്ടുപോയി രണ്ട് ദിവസങ്ങൾക്ക് ശേഷം ആറ്റിങ്ങലിൽ ഉപേക്ഷിച്ചത്. അലി ഉബൈറാനും അഷറഫിൻറെ ബന്ധുവും തമ്മിൽ വിദേശത്ത് വച്ചുണ്ടായ പണമിടപാട് തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണം. ഒളിവിലായിരുന്ന ഒന്നാം പ്രതി അലിഉബൈറാനെ കഴിഞ്ഞമാസം 22നാണ് അന്വേഷണ സംഘം പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam