
കണ്ണൂർ: തന്റെ വാഹനത്തെ ഓവർടേക്ക് ചെയ്യുന്നവർക്ക് നേരെ കല്ലെറിയുന്ന 46 കാരൻ പിടിയിൽ. എതിര്‍ദിശയില്‍നിന്ന് ഏതെങ്കിലും വാഹനം ഓവര്‍ടേക്ക് ചെയ്താൽ അതിന് നേരെ കല്ലെറിയുന്ന ഷംസീർ എന്നയാളെയാണ് കണ്ണൂരിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഏഴോളം പരാതികളാണ് ഇയാൾക്കെതിരെ ലഭിച്ചിരിക്കുന്നത്. ബൈക്കിന്റെ മുന്നിലെ ബാഗിൽ ഇയാൾ കല്ലുകൾ സൂക്ഷിച്ചിരിക്കും. ആംബുലൻസിന്റേതടക്കം ചില്ലുകൾ ഇയാൾ എറിഞ്ഞ് തകർത്തിട്ടുണ്ട്. ചാല ഈസ്റ്റ് പൊതുവാച്ചേരി സ്വദേശിയാണ് ഷംസീർ. വ്യാഴാഴ്ചയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചതിന് ശേഷമാണ് അറസ്റ്റ്. ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. മത്സ്യവിൽപ്പനക്കാരനാണ് ഇയാൾ. തന്റെ വാഹനത്തിന് മുന്നിലേക്ക് ഏതെങ്കിലും വാഹനം ഓവർടേക്ക് ചെയ്ത് വന്നാൽ കല്ലെറിയും എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. തസ്ലീം എന്നയാൾ സഞ്ചരിച്ച കാറിനുനേരേയുണ്ടായ കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകർന്നു. ഇതോടെ ഇയാൾ കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകി.
സിസിടിവി പരിശോധിച്ച പൊലീസ് ഷംസീർ സഞ്ചരിച്ച ബൈക്ക് തിരിച്ചറിഞ്ഞു. താഴെചൊവ്വ-കീഴ്ത്തള്ളി ബൈപ്പാസില്‍വെച്ച് ഇയാൾ കല്ലെറിഞ്ഞതോടെ കണ്ണൂര്‍ എ.കെ.ജി., ചാല മിംസ് ആസ്പത്രികളുടെ ആംബുലന്‍സുകള്‍ക്ക് കേടുപറ്റി. ഇയാൾക്കെതിരെ ഏഴ് പരാതികൾ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. അതേസമയം മുൻവൈരാഗ്യമോ പ്രകോപനമോ ഇല്ലാതെയുള്ള ഇത്തരത്തിലുള്ള ആക്രമണം മാനസ്സികാരോഗ്യപ്രശ്നമാകാമെന്നാണ് വിദഗ്ധാഭിപ്രായം. അതിനാൽ ഇയാളുടെ മാനസ്സികാരോഗ്യം പരിശോധിക്കണമെന്നും മാനസ്സികാരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam