
കോഴിക്കോട്: വില്പനക്കായി സൂക്ഷിച്ച 1.570. കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. ഈങ്ങാപ്പുഴ വെളുപ്പാംകുളം വീട്ടിൽ ഷാജഹാൻ(37) എന്നാളെ കോഴിക്കോട് റൂറൽ എസ്.പി. ഡോ. എ ശ്രീനിവാസിന്റെ നിർദേശപ്രകാരം താമരശ്ശേരി പോലീസാണ് പിടികൂടിയത്.
20 ന് രാത്രി ഒമ്പത് മണിക്കാണ് ഈങ്ങാപ്പുഴയിലെ വീട്ടിൽ സൂക്ഷിച്ചു വെച്ച കഞ്ചാവ് പിടികൂടിയത്. സ്ഥിരമായി സ്കൂൾ കുട്ടികൾക്കും മറ്റും വില്പന നടത്തുന്ന ഇയാളുടെ പേരിൽ നാട്ടുകാർ നിരന്തരം പരാതി ഉന്നയിച്ചിരുന്നു. മലപ്പുറത്തെ മൊത്തകച്ചവടക്കാരിൽ നിന്നും വാങ്ങി കോഴിക്കോട്, കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങളിൽ ചില്ലറ വില്പനക്കാർക്ക് വിൽക്കുന്നതാണ് ഇയാളുടെ രീതി.
പിടികൂടിയ കഞ്ചാവിന് ഒരു ലക്ഷം രൂപ വിലവരും. വീട്ടിൽ വെച്ച് പാക്കിങ് ചെയ്ത് വില്പന നടത്തുന്നതിന് ഒരു സംഘം ഇയാളുടെ കൂടെ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. പിടിയിലായ ഷാജഹാന്റെ ഫോൺ നമ്പർ പരിശോധിച്ചപ്പോൾ പ്രതിയുമായി ബന്ധപ്പെടുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഈ റാക്കറ്റിൽ പെട്ടവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് കിട്ടിയിട്ടുണ്ട്. ഈ ക്രിമിനൽ സംഘങ്ങളെ കേന്ദ്രീകരിച്ചു അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
കേരളത്തിൽ വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് വില്പനയും ഉപയോഗവും തടയുന്നതിനു സംസ്ഥാനത്തലത്തിൽ നടത്തുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫ് തെങ്ങിലക്കണ്ടി, നർകോട്ടിക് സെൽ ഡിവൈഎസ്പി അശ്വകുമാർ എന്നിവരുടെ നേതൃത്വത്തിൽ താമരശ്ശേരി എസ് ഐ മാരായ സനൂജ് വി എസ്, അരവിന്ദ് വി ആർ, സിപിഒ ഷിനോജ്,ക്രൈം സ്‌ക്വാഡ് എസ് ഐ മാരായ രാജീവ് ബാബു, സുരേഷ് വി കെ,ബിജു പി, സിപിഒ മാരായ ശോബിത് ടി കെ,ദീപക്. കെ, ജിതേഷ് ഇ,നാൻസിത് എം,എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് വേട്ട നടത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam