
മലപ്പുറം: പറപ്പൂരില്‍ മോഷണശ്രമത്തിനിടെ രാത്രിയില്‍ വീട്ടമ്മയെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ബന്ധുവായ യുവാവ് പിടിയില്‍. പറപ്പൂര്‍ ഒന്നാം വാര്‍ഡ് ഇല്ലിപ്പുലാക്കല്‍ ലക്ഷം വീട് ഉന്നതിയിലെ ചീരക്കുഴിയില്‍ വിലാസിനി (61)യാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ വിലാസിനിയുടെ ഭര്‍ത്താവിന്റെ സഹോദര പുത്രന്‍ ചീരക്കുഴിയില്‍ ശ്രീരാഗി (36)നെ വേങ്ങര പൊലീസ് അറസ്റ്റുചെയ്തു.
ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. മകന്‍ മറ്റൊരിടത്തിയതിനാല്‍ വിലാസിനി മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. രാത്രി വിലാസിനി ഉറങ്ങുന്നതിനിടെ പ്രതിയായ ശ്രീരാഗ് അടുക്കള വാതിലിന്റെ കുറ്റി തകര്‍ത്ത് അകത്ത് കയറുകയായിരുന്നു. ശബ്ദം കേട്ട് എഴുന്നേറ്റ വിലാസിനിക്ക് ഇരുട്ടായതിനാല്‍ ആളെ തിരിച്ചറിയാനായില്ല. ഭയന്ന വിലാസി ഒച്ചവച്ചതോടെ മോഷ്ടാവ് വിലാസിനിയുടെ കൈയിലുണ്ടായിരുന്ന പുതപ്പ് പിടിച്ചുവാങ്ങി കഴുത്തില്‍ ചുറ്റി മുറുക്കി. വീട്ടമ്മ കൈ കഴുത്തില്‍ വച്ചതുകൊണ്ട് കുരുക്ക് മുറുകിയില്ല. പിടിവലിക്കിടയില്‍ വിലാസിനി പ്രതിയുടെ വിരലില്‍ കടിച്ചതാണ് കേസില്‍ വഴിത്തിരിവായത്. വിവരം വൈകാതെ അയൽവാസികളെല്ലാം അറിഞ്ഞു. ഇതിനിടെ ശ്രീരാഗിൻ്റെ വിരലിലെ പരിക്ക് കണ്ട സഹോദരിക്ക് സംശയം തോന്നി. ഇവർ ശ്രീരാഗിനെ ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. ഇവർ തന്നെയാണ് പ്രതിയെ സ്റ്റേഷനില്‍ ഏല്‍പ്പിച്ചത്. വേങ്ങര ഇന്‍സ്‌പെക്ടര്‍ കെ പ്രജീഷ് പ്രതിയെ അറസ്റ്റുചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam