
കൊച്ചി: വസ്തു വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് ജേഷ്ഠ സഹോദരനിൽ നിന്ന് 1.15 കോടി രൂപ തട്ടിയെടുത്ത അനുജനെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി കല്ലിങ്കൽ ബിനു പോളിനെയാണ് ജ്യേഷ്ഠൻ ബിജു പോളിന്റെ പരാതിയിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമേരിക്കയിൽ ജോലി ചെയ്തു വരുന്ന കഞ്ഞിക്കുഴി കല്ലിങ്കൽ ബിജു പോളിന് മൂന്നേക്കർ ഭൂമി വാങ്ങി നൽകുന്നതിനാണ് ബിജു പോളിന്റെ സഹോദരൻ ബിനു പോൾ 1.15 കോടി രൂപ തട്ടിയെടുത്തത്. രണ്ടു വ്യക്തികളിൽ നിന്നായി സ്ഥലം ഇയാൾ കച്ചവടം ചെയ്യുകയും 59 ലക്ഷം രൂപ വില നിശ്ചയിച്ച് ഉടമസ്ഥരുമായി കരാർ ഉണ്ടാക്കുകയും ചെയ്തു.
പിന്നീട് ബിജു പോളിന് കൊടുക്കുന്നതിനായി വസ്തു വില 1.15 കോടി രൂപ ആണെന്ന് കാണിച്ച് മറ്റൊരു കരാർ കൂടി ഇയാൾ സൃഷ്ടിച്ചു. ഇതിൽ പ്രകാരം 82 ലക്ഷം രൂപ ഇവരുടെ മാതാവിൻറെ അക്കൗണ്ടിലേക്ക് അയച്ചു. ബാക്കി 33 ലക്ഷം പിന്നീട് കൈപ്പറ്റുകയും ചെയ്തു. ഇതിനിടെ ബിജു പോൾ നാട്ടിലെത്തുകയും സ്ഥലം കാണുകയും ചെയ്തു. എന്നാൽ ഭൂമിക്ക് പട്ടയം ഇല്ലെന്ന് അറിഞ്ഞതോടെ കൂടുതൽ അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. തുടർന്ന് ബിജു പോൾ കഞ്ഞിക്കുഴി സ്റ്റേഷനിൽ നൽകിയ പരാതിയേ തുടർന്ന് കേസെടുത്ത് ഇയാൾക്ക് വേണ്ടി അന്വേഷണം നടത്തിവരികയായിരുന്നു.
ഇയാൾ കോതമംഗലത്തിന് സമീപം ഉണ്ടെന്നറിഞ്ഞ് പൊലീസ് കഴിഞ്ഞ ചില ദിവസങ്ങളായി നടത്തിയ പരിശോധനയിൽ ശനിയാഴ്ച പുലർച്ചയോടെ പിടിയിലാവുകയായിരുന്നു. സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam