
തിരുവനന്തപുരം: വസ്തു ഉടമയായ രാജ്കുമാറും വസ്തു വാങ്ങുന്നതിനായി അഡ്വാന്‍സ് നല്‍കിയ സുനിലും അറിഞ്ഞില്ല, എന്നാല്‍ വസ്തു വീട് വയ്ക്കാൻ തയ്യാറാക്കുന്ന ജോലി നോക്കാനെത്തിയ രമേശ് മുറിച്ചുകടത്തിയത് വസ്തുവില്‍ നിന്ന നാല് ആഞ്ഞിലി മരവും ഒര് പ്ലാവും. രാജ് കുമാറിന്റെ പരാതിയില്‍ പാറശ്ശാല പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒടുവില്‍ നെടുവാന്‍വിള മച്ചിങ്ങവിളാകത്ത് രമേശ് (43)പിടിയിലായത്.
സംഭവം നടക്കുന്നത് ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ്. പാറശ്ശാല ബ്ലോക്ക് ഓഫീസ് ജംങ്ഷനിലെ വ്യാപാരിയും തൊടുപുഴ സ്വദേശിയുമായ സുനില്‍ വീട് വയ്ക്കുന്നതിനായി അയിര സ്വദേശിയായ രാജ്കുമാറിന്റെ ഉടമസ്ഥതയിലുളള പളുകലിന് സമീപം പെലക്കാവിളയിലെ ഭൂമിക്കായി അഡ്വാന്‍സ് നല്‍കിയിരുന്നു. ആറ് മാസത്തിനുളളില്‍ വസ്തു വിലയാധാരം ചെയ്യാമെന്ന നിബന്ധനയിലായിരുന്നു ഇരുവരും. വസ്തു വാങ്ങുന്നതിനായി അഡ്വാന്‍സ് നല്‍കിയ സുനില്‍ വസ്തുവിലെ കുഴിയുളള ഭാഗങ്ങള്‍ നികത്തി അതിര്‍ത്തി കല്ലുകെട്ടി ബലപ്പെടുത്താൻ തീരുമാനിച്ചിരുന്നു.
ഈ സമയത്ത് സുനിലിന്റെ കടയില്‍ സാധനം വാങ്ങുവാനെത്തിയ രമേശ് താന്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണെന്നും പണി ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് പറഞ്ഞു രമേശിന്റെ വിസിറ്റിങ്ങ് കാര്‍ഡ് സുനിലിന് നല്‍കി. അഡ്വാന്‍സ് നല്‍കിയ വസ്തുവിന്റെ അതിര്‍ത്തികള്‍ ബലപ്പെടുത്തി കല്ല് കെട്ടുന്നതിനായി സുനില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ രമേശിന് ഭൂമി കാണിച്ച് കൊടുക്കുകയും മൊത്തം തുക പറയുവാനും ആവശ്യപ്പെട്ടു. ഭൂമി ചുറ്റിക്കറങ്ങി കണ്ട രമേശ് ഇതിനായി ഒര് ലക്ഷം രൂപ വരെ വേണ്ടി വരുമെന്ന് പറഞ്ഞെങ്കിലും തല്‍ക്കാലം പണമില്ലാത്തതിനാല്‍ സുനില്‍ അറിയിക്കാമെന്ന് പറഞ്ഞ് ഇരുവരും പിരിഞ്ഞു.
Read more: ബൈക്കും ജീപ്പും പിക്കപ്പ് ലോറിയും മോഷണം, കറങ്ങി നടന്ന് മാലപൊട്ടിക്കലും, മുങ്ങി നടന്ന കള്ളൻ പിടിയിൽ
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കച്ചവടം പൂര്‍ത്തിയാകാതെ ഭൂമിയിലെ മരങ്ങള്‍ മുറിച്ച് മാറ്റിയത് ചോദ്യം ചെയ്ത് വസ്തു ഉടമയായ രാജ്കുമാര്‍ എത്തിയപ്പോഴാണ് വസ്തുവിലെ മരങ്ങള്‍ മുറിച്ച് മാറ്റിയത് സുനില്‍ അറിയുന്നത്. ഭൂമിയില്‍ എത്തിയ ഇരുവരും കണ്ടത് അവിടെ നിന്ന നാല് ആഞ്ഞിലി മരവും ഒര് പ്ലാവും മുറിച്ച് മാറ്റിയതായാണ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രമേശിന്റെ നേതൃത്വത്തിലാണ് മരങ്ങള്‍ മുറിച്ച് മാറ്റിയതായി കണ്ടെത്തിയത്.
Read more: അത്തോളിയിലെ ഏഴുവയസുകാരന്റെ മരണം കൊലപാതകം, അമ്മ കസ്റ്റഡിയിൽ
രമേശിനെ നേരില്‍കണ്ട് അന്വേഷിച്ചപ്പോള്‍ രമേശ് സുനിലിന് നേരെ ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്ന് സുനില്‍ പാറശ്ശാല പൊലീസില്‍ പരാതി നല്‍കിയിത്. പാറശ്ശാല പൊലീസ് പലതവണ വീട്ടിലെത്തി സ്‌റ്റേഷനിലെത്തുവാന്‍ ആവശ്യപ്പെട്ടെങ്കിലും രമേശ് പൊലീസിന് പിടി കൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു. ഒടുവില്‍ പാറശ്ശാല സി ഐ ഹേമന്ത് കുമാറിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം ഞായറാഴ്ച രമേശിനെ പിടികൂടുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam