
കൊച്ചി: ഹൈടെക് മോഷ്ടാവിനെ സാഹസികമായി കുടുക്കി പൊലീസ്. ഉത്തർപ്രദേശ് അലി ഗ്രാഹ് സ്വദേശി ഇമ്രാൻ ഖാൻ(34)നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 14ആം തിയതി തൃശൂർ സാമ്പാളൂർ സ്വദേശിയായ യുവാവ് ആലുവ ടിസിഎസ് ഐഓൺ എക്സാം സെന്ററിൽ പരീക്ഷയ്ക്കെത്തി. പേഴ്സും മൊബൈൽ ഫോണും സ്കൂട്ടറിന്റെ സീറ്റിനടിയിലെ സ്റ്റോറേജിലാണ് സൂക്ഷിച്ചത്. പരീക്ഷ എഴുതി ഉച്ചയ്ക്ക് തിരികെ വന്നപ്പോൾ സ്കൂട്ടർ തുറന്നു എല്ലാം മോഷണം പോയതായി മനസ്സിലാക്കി. എടിഎം കാർഡ് ബ്ലോക്ക് ചെയ്യുന്നതിനായി ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ 65,000 രൂപ പിൻവലിച്ചതായി വിവരം ലഭിച്ചു. ഉടനെ ആലുവ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.
സ്കൂട്ടറുകൾ ഡ്യൂപ്ലിക്കേറ്റ് - താക്കോൽ ഉപയോഗിച്ച് തുറന്ന ശേഷം ഡാഷിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾ കവരുന്നതാണ് പ്രതിയുടെ രീതി. മൊബൈൽ ഫോണുകൾ മോഷ്ടിച്ച ശേഷം സിം മറ്റൊരു ഫോണിൽ ഇട്ട് എടിഎം കൗണ്ടറിൽ പോയി എടിഎം പിൻ ചേഞ്ച് ചെയ്യും. ഉടനെ പണം പിൻവലിക്കും.
സിം ഇടുന്ന ഫോൺ വിളിക്കാൻ ഉപയോഗിക്കില്ല. ആലുവ,കൊല്ലം- കിളികൊല്ലൂർ , തൃശൂർ, തമിഴ്നാട് പല സ്ഥലങ്ങളിലും, യുപിയിലും സമാന മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. യുപി പൊലീസ് ഇയാളെ അന്വേഷിക്കുന്നുണ്ടായിരുന്നു. ഒരു സ്ഥലത്തു സ്ഥിരമായി നിൽക്കുന്ന പതിവും ഇയാൾക്കില്ല. യാത്രകൾക്കിടെയാണ് മോഷണം. 23 ന് ഭോപ്പാലിൽ ആയിരുന്ന പ്രതി 27 ന് കോയമ്പത്തൂരായിരുന്നു.
പുതിയ മോഷണത്തിനായി കേരളത്തിലെത്തിയ മോഷ്ടാവിനെ കഴിഞ്ഞ രാത്രി വൈറ്റില ഹബ് പരിസത്ത് ലോഡ്ജ് വളഞ്ഞാണ് പിടികൂടിയത്. പത്തോളം ഇരുചക്ര വാഹനങ്ങളുടെ താക്കോലുകൾ, മൂന്ന് മൊബൈൽ ഫോണുകൾ, നിരവധി പേഴ്സുകൾ എന്നിവ മോഷ്ടാവിൽ നിന്ന് കണ്ടെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും.
ആലുവ ഇൻസ്പെക്ടർ കെ ജി ഗോപകുമാർ, എസ്ഐമാരായ ജോസ്സി എം ജോൺസൺ, അനൂപ്, സിപിഓമരായ മാഹിൻഷാ അബൂബകർ, മുഹമ്മദ് അമീർ, ഷാഹിൻ എന്നിവരായിരുന്നു സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിൽ ഉണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam