
തിരുവനന്തപുരം: മലയിൻകീഴ് ബിവറേജ് ഔട്ട്ലെറ്റിന് മുൻവശം ഫ്രൂട്ട്സ് കച്ചവടത്തിന്‍റെ മറവിൽ എം ഡി എം എ കച്ചവടം നടത്തുന്ന യുവാവ് പിടിയിൽ. എട്ടുരുത്തി സ്വദേശി ശ്യാമിനെയാണ് കാട്ടാക്കട എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ രതീഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്. നഗരത്തിലെ കരിമഠം ഭാഗത്തു നിന്നുമാണ് പ്രതി എം ഡി എം എ വൻതോതിൽ എത്തിച്ചത് എന്ന് എക്സൈസ് പറഞ്ഞു. തുടർന്ന് ഇത് ചില്ലറയായി കാട്ടാക്കട മലയൻകീഴ് ഭാഗങ്ങളിലെ യുവാക്കൾക്ക് വിൽപ്പന നടത്തുന്നത് ആണ് ഇയാളുടെ രീതി.
എക്സൈസ് സംഘത്തിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വളരെ നാളത്തെ നിരീക്ഷണത്തിന് ഒടുവിലാണ് ഇയാളെ 650 ഗ്രാം എം ഡി എം എയുമായി പിടികൂടുന്നത്. എക്സൈസ് പ്രവന്റ്റീവ് ഓഫീസർമാരായ കെ എസ് ജയകുമാർ, സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ ആർ രജിത്ത്, ആർ ഹർഷകുമാർ, എസ് മണികണ്ഠൻ, എം ശ്രീജിത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ ലിജി ശിവരാജ്, എക്സൈസ് ഡ്രൈവർ അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിക്ക് വിൽപ്പനയ്ക്കായി എം ഡി എം എ നൽകിയിരുന്നു സംഘത്തെ കുറിച്ചും എക്സൈസ് അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം തൃശൂരിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത കൊടുങ്ങല്ലൂരില്‍ എം ഡി എം എ അടക്കമുള്ള നിരോധിത ലഹരിവസ്തുക്കള്‍ കൈവശം വച്ച കേസില്‍ യുവാവിന് 16 വർഷം കഠിന തടവും ഒന്നര ലക്ഷം പിഴയും ശിക്ഷ വിധിച്ചു എന്നതാണ്. കൊടുങ്ങല്ലൂർ പൊയ്യ സ്വദേശി അക്ഷയെയാണ് തൃശൂർ ഒന്നാം അഡീ. ജില്ലാ ജഡ്ജ് പി എൻ.വിനോദ് ശിക്ഷിച്ചത്. 2021 ഡിസംബർ 17 - നാണ് കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും പ്രതിയുടെ വീട്ടിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. കഞ്ചാവ്, ഗുളിക രൂപത്തിലുള്ള പത്തുഗ്രാമിലേറെ എം ഡി എം എ , സ്റ്റാമ്പ് രൂപത്തിലുള്ള രണ്ട് ഗ്രാം എല്‍ എസ് ഡി, ക്രിസ്റ്റൽ രൂപത്തിലുള്ള ആറുഗ്രാം മെറ്റാഫെറ്റമിൽ എന്നീ ലഹരി വസ്തുക്കളാണ് കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ മാരായ കെ ബി സുനിൽ കുമാർ , ലിജി മധു എന്നിവർ കോടതിയിൽ ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam