ബൈക്ക് മോഷ്ടിച്ചു, തെളിവില്ലാതെ അന്വേഷണം അവസാനിപ്പിച്ചു; ഒരു കൊല്ലത്തിന് ശേഷം ബൈക്കുമായി പ്രതി പിടിയില്‍

By Web TeamFirst Published Jan 19, 2023, 3:57 PM IST
Highlights

ഈമാസം 17ന് കോഴിക്കോട് കടലുണ്ടി പാലത്തിനടുത്തുള്ള സിസിടിവി ക്യാമറയില്‍ ബൈക്കിന്റെ ദൃശ്യം പതിഞ്ഞിരുന്നു. ഇതാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്.

മലപ്പുറം: തെളിവില്ലാതെ അവസാനിപ്പിച്ച ബൈക്ക് മോഷണക്കേസിലെ പ്രതിയെ ഒരു വര്‍ഷത്തിന് ശേഷം പിടികൂടി പൊലീസ്. മലപ്പുറത്ത് വീട്ടിലെ പോര്‍ച്ചില്‍ നിന്നും ബൈക്ക് മോഷ്ടിച്ച കേസിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടാമ്പി ഓങ്ങല്ലൂര്‍ കുന്തക്കാട്ടില്‍ അബൂബക്കര്‍ സിദ്ദീഖ്(37)ആണ് പിടിയിലായത്.  തെളിവുകളൊന്നും കിട്ടാതായതോടെ  കോടതിയുടെ അനുമതിയോടെ അന്വേഷണം അവസാനിപ്പിച്ച ബൈക്ക് മോഷണക്കേസിലാണ് ട്വിസ്റ്റ് ഉണ്ടായത്.

ഈമാസം 17ന് കോഴിക്കോട് കടലുണ്ടി പാലത്തിനടുത്തുള്ള സിസിടിവി ക്യാമറയില്‍ ബൈക്കിന്റെ ദൃശ്യം പതിഞ്ഞതായി കണ്ടെത്തിയതാണ്  പ്രതിയെ പിടികൂടാന്‍ സഹായകമായത്. തുടര്‍ന്ന് ബേപ്പൂര്‍ പൊലീസ് ട്രാഫ് ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ വാഹനപരിശോധനയില്‍ ബൈക്ക് സഹിതം പ്രതിയെ പിടികൂടുകയായിരുന്നു. 

2021 ഡിസംബര്‍ 26ന് പരിയാപുരം തട്ടാരക്കാട് മുട്ടത്ത് ജോസഫിന്റെ കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിരുന്ന ബൈക്കാണ് മോഷണം പോയത്. പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്ന്   2022 ജൂലൈ എട്ടിന് കോടതിയുടെ അനുമതിയോടെ അന്വേഷണം അവസാനിപ്പിച്ചിരുന്നു.  പെരിന്തല്‍മണ്ണ എസ് ഐ. എ എം യാസിര്‍ ബേപ്പൂരിലെത്തി ബൈക്കും പ്രതിയേയും കസ്റ്റഡിയിലെടുത്ത് പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More : പ്രവാസിയുടെ യാത്ര തടഞ്ഞു; ഗള്‍ഫ് എയര്‍ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

ഇതിനിടെ തലസ്ഥാനത്ത് ബൈക്കിലെത്തി സ്ത്രീകളെയും വയോധികരെയും കൊള്ളയടിച്ച് പൊലീസിന് തലവേദനയുണ്ടാക്കി വിലസിയ രണ്ടംഗ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. കരിംകുളം പുതിയതുറ പുരയിടം വീട്ടിൽ ഷാജി (19) യെ യാണ് കാഞ്ഞിരംകുളം സി.ഐ. അജി ചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് തന്ത്രപൂർവ്വം കുടുക്കിയത്. ഒരാഴ്ചക്കുള്ളിൽ വിഴിഞ്ഞം കാഞ്ഞിരംകുളം സ്റ്റേഷൻ അതിർത്തികളിൽ നിന്നായി മൂന്ന് പേരെയാണ് സംഘം കൊള്ളയടിച്ചത്.

Read More :  ഒരാഴ്ചക്കുള്ളിൽ 3 പേരെ കൊള്ളയടിച്ചു; ഓരോ മോഷണത്തിനും 1000 രൂപ വീതം പ്രതിഫലം; പ്രതി പിടിയിൽ

click me!