
തൃശൂർ: ആരോഗ്യ വിഭാഗത്തിന്‍റെ പരിശോധനയിൽ ഹോട്ടലുകളിൽ നിന്നും മറ്റും പിടിച്ചെടുക്കുന്ന പഴകിയ ഭക്ഷണത്തിന്‍റെ ഞെട്ടിക്കുന്ന കണക്കുകളാണ് സംസ്ഥാനത്താകെ നിന്നും ഓരോ ദിവസവും പുറത്തുവരുന്നത്. ആശുപത്രികളിൽ പോലും രക്ഷയില്ല എന്നതാണ് ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ വാർത്ത. രോഗികൾ പോലും ഏറ്റവുമധികം ആശ്രയിക്കുന്ന ആശുപത്രി ക്യാന്‍റീനിലും പഴകിയ ഭക്ഷണത്തിന്‍റെ അവസ്ഥയിൽ മാറ്റമില്ലെന്നതാണ് യാഥാർത്ഥ്യം. തൃശൂർ ചാലക്കുടി താലൂക് ആശുപത്രിയിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
നഗരസഭയിലെ വിവിധ ഹോട്ടലുകളിലും ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണവും പാചക യോഗ്യമല്ലാത്ത എണ്ണയുമടക്കം പിടികൂടി. ഫ്രീസറിൽ സൂക്ഷിച്ചിരുന്ന മീൻ വറുത്തത്, ചിക്കൻ, പാകം ചെയ്ത കടല, ദിവസങ്ങൾ പഴക്കമുള്ള ചോറ്, പാകം ചെയ്യാത്ത മാംസം, ചപ്പാത്തി, ഗ്രേവി, നീണ്ടകാലം ആവർത്തിച്ച് പാചകത്തിന് ഉപയോഗിച്ച എണ്ണ എന്നിവയടക്കമാണ് പരിശോധനയിൽ പിടികൂടിയത്.
ചാലക്കുടി നഗരസഭ പരിധിയിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ താലൂക്ക് ആശുപത്രി ക്യാന്‍റീനിലു , നാല് ഹോട്ടലുകളിൽ നിന്നുമാണ് പഴകിയ ഭക്ഷണവും എണ്ണയും പിടികൂടിയത്. അമ്മച്ചി ഹോട്ടൽ, മലബാർ ഹോട്ടൽ, അനസ് ഹോട്ടൽ, കിച്ചൻ ഫ്രഷ് എന്നീ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി.
അതിനിടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് കാമ്പസിലെ ഇന്ത്യന്‍ കോഫീ ഹൗസിന്‍റെ ലൈസന്‍സ് ഭക്ഷ്യ സുരക്ഷാ വകുപ്പ് താത്ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. വൃത്തിഹീനമായിട്ടും ഇന്ത്യന്‍ കോഫീ ഹൗസിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ 2 ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി. അസി. ഭക്ഷ്യ സുരക്ഷാ കമ്മീഷണറേയും വടക്കാഞ്ചേരി ഫുഡ് സേഫ്റ്റി ഓഫീസറേയുമാണ് സ്ഥലം മാറ്റിയത്. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉന്നതതല അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നു നടന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഉന്നതതല അന്വേഷണത്തില്‍ വളരെ വൃത്തിഹീനമായാണ് കോഫീ ഹൗസ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. ഇതിനെ തുടർന്നാണ് നടപടി എടുത്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam