
കൊച്ചി: ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച വിധവയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ പിടിയിൽ. കണ്ണൂർ തലശ്ശേരി പോയനാട് മാമ്പറം കറുവാരത്ത് ഹൗസിൽ നഷീൽ (31) ആണ് പിടിയിലായത്. ആലുവയിൽ ഭാഗത്ത് താമസിക്കുന്ന നഷീൽ എറണാകുളം സ്വദേശിനിയായ വിധവയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ പീഡപ്പിച്ച കേസിലാണ് പിടിയിലായത്. യുവതിയുമായി ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച നഷീൽ വിവാഹ വാഗ്ദാനം നൽകി എറണാകുളത്ത് വിവിധ ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും പരാതിക്കാരിയുടെ കയ്യിൽ നിന്ന് രണ്ടുലക്ഷത്തോളം രൂപ പല കാര്യങ്ങൾ പറഞ്ഞ് തട്ടിയെടുക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
തുടർന്ന് യുവതിയെ ഒഴിവാക്കാൻ ശ്രമിച്ചതോടെയാണ് പരാതിയുമായി എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തി. യുവതി പരാതി നൽകിയത് അറിഞ്ഞ നഷീൽ മൊബൈൽ ഫോൺ ഓഫ് ആക്കി ഒളിവിൽ പോയി. തുടർന്ന് സി.ഐ എസ് വിജയശങ്കറിന്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണസംഘം സൈബർ സെല്ലിന്റെ സഹായത്തോടെ നഷീലിനെ ആലുവയിൽ നിന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മറ്റൊരു കേസില്‍ ഐഎഎസ് ട്രെയിനി ചമഞ്ഞ് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. ആലപ്പുഴ പുന്നപ്ര സൗത്ത് ദുന്നജാത്ത് വീട്ടിൽ മുഹമ്മദ് അജ്മൽ ഹുസൈൻ (28 ) നെയാണ് മുളന്തുരുത്തി ഇൻസ്പെക്ടർ പി.എസ്. ഷിജുവും സംഘവും അറസ്റ്റ് ചെയ്തത്. അരയൻകാവ് സ്വദേശിനിയായ യുവതിയിൽ നിന്നാണ് വിവാഹ വാഗ്ദാനം നൽകി 30 ലക്ഷം രൂപ തട്ടിയെടുത്തത്. യുവതി ട്രെയിനിൽ വെച്ചാണ് അജ്മലിനെ പരിചയപ്പെടുന്നത്. മസൂറിയിലെ സിവിൽ സർവീസ് അക്കാദമിയിൽ ഐഎഎസ് ട്രെയിനി ആണെന്ന് പറഞ്ഞാണ് പ്രതി പരിചയപ്പെടുത്തിയത്. തുടർന്ന് പല തവണകളായി 30 ലക്ഷം രൂപ ഇയാൾ അക്കൗണ്ടിലേക്ക് പഠനാവശ്യത്തിലേക്ക് ചോദിച്ച് വാങ്ങി. യുവതിയുടെ അച്ഛന്‍റെ അക്കൗണ്ടിൽ നിന്നാണ് പ്രതിയുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തത്. നിരന്തരമായി പണം ആവശ്യപ്പെട്ടപ്പോൾ യുവതി പണം നൽകുന്നത് അവസാനിപ്പിച്ചു. തുടർന്ന് ഇയാൾ യുവതിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു.