ബംഗാൾ സ്വദേശിയുടെ പണം മോഷ്ടിച്ച് മുങ്ങി, ഇതര സംസ്ഥാന തൊഴിലാളി വിമാനത്താവളത്തിൽ പിടിയിൽ

By Web TeamFirst Published Oct 1, 2022, 1:28 PM IST
Highlights

പണം മോഷണം പോയതു മുതൽ പ്രതിയെയും കാണാതെ വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

ചാരുംമൂട് (ആലപ്പുഴ) : വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ ഹൂഗ്ലി സ്വദേശി സോവൻ മർമ്മാക്കറെ (24) യാണ് നൂറനാട് സി ഐ പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19 നായിരുന്നു മോഷണം. ആദിക്കാട്ടുകുളങ്ങരയിലുള്ള അജിഖാന്റെ തടിമില്ലിൽ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശി സമദുൽ ഹക്ക് താമസ സ്ഥലത്ത് ബാഗിൽ സൂക്ഷിച്ചിരുന്ന 55000 രൂപയാണ് മോഷണം പോയത്. 

പ്രതി ഇവിടെ ജോലി അന്വഷിച്ചെത്തിയതായിരുന്നു. പണം മോഷണം പോയതു മുതൽ പ്രതിയെയും കാണാതെ വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്. പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് റെയിൽവെ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി കണ്ടെത്തുകയും നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്ത് നിന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.

അതേസമയം തിരുവനന്തപുരം തിരുപുറത്ത് ആളില്ലാതിരുന്ന വീട്ടിൽ നിന്ന് സ്വർണ്ണാഭരണം കവർന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിച്ചൽ പാരൂർക്കുഴി അറപ്പുര വീട്ടിൽ രാജേഷ് ( 35 )നെ പൂവാർ പൊലീസാണ് അറസ്റ്റ് ചെയ്തത്. തിരുപുറം തിരുപുറത്തൂർ പുറുത്തിവിളയിൻ വാറുവിള ദിവ്യ ഇല്ലത്തിൽ ദിവാകരന്‍റെ വീട്ടിലാണ് പ്രതി മോഷണം നടത്തിയത്. ദിവാകരനും ഭാര്യയും പെൻഷൻ വാങ്ങാൻ പോയ സമയം, വീടിന്‍റെ പുറക് വശത്ത് വച്ചിരുന്ന പിക്കാസ് കൊണ്ട് വീടിന്‍റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നായിരുന്നു പ്രതി മോഷണം നടത്തിയത്.

അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടര പവന്‍റെ മാലയും കമ്മലും രാജേഷ് മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. പിടിയിലായ പ്രതിയ്ക്ക് ചാത്തന്നൂർ, ചടയമംഗലം തുടങ്ങിയ പൊലീസ് സ്റ്റേഷൻ പരിധികളിലും സമാനമായ ഒട്ടനവധി കേസുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. റോഡിലൂടെ സഞ്ചരിച്ച് താഴിട്ട് പൂട്ടിയ ഗേറ്റുളള വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതിയെന്നും പൊലീസ് പറയുന്നു.

Read More : പിരിച്ചുവിട്ടതിന് പ്രതികാരം; ബാറിലെത്തി 'ഫിറ്റായി' പണം കവര്‍ന്ന് മുന്‍ പാചകക്കാരന്‍, സംഭവം കായംകുളത്ത് 

click me!