ഒന്ന് ബസിൽ കയറാന്‍ ജീവനക്കാര്‍ അനുവദിക്കണം, മഴയില്‍ നനഞ്ഞൊലിച്ച് കുട്ടികള്‍; ബസ് 'പൊക്കി' പൊലീസ്

By Web TeamFirst Published Oct 7, 2022, 3:37 PM IST
Highlights

ബാഗും ബുക്കുകളുമടക്കമായി വിദ്യാർത്ഥികൾ മഴ നനഞ്ഞ് നിൽക്കുന്ന വീഡിയോ കൃഷ്ണകുമാർ എന്നയാളാണ് പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ ബാലവകാശ കമ്മീഷൻ കേസെടുത്തിരുന്നു.

തലശേരി: വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ മഴയത്ത് നിർത്തിയ സംഭവത്തില്‍ വലിയ വിമര്‍ശനം ഉയരുന്നതിനിടെ തലശേരി പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. തലശേരിയില്‍ വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ മഴയത്ത് നിർത്തിയ സംഭവത്തിലാണ് നടപടി സ്വീകരിച്ചത്. സിഗ്മ എന്ന പ്രൈവറ്റ് ബസിനെതിരെയാണ് നടപടി. തലശേരി ആർ ടി ഒ പതിനായിരം രൂപ പിഴയും ചുമത്തി. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസ്.

ഇന്നലെ രാവിലെ ഒമ്പത് മണിയോടെ തലശേരി ബസ് സ്റ്റാൻഡിലെത്തിയപ്പോഴായിരുന്നു സംഭവം. നല്ല മഴയായിരുന്നിട്ടും, മറ്റ് യാത്രക്കാരെല്ലാം കയറിയതിന് ശേഷം ബസ് പുറപ്പെടാൻ നോക്കുമ്പോൾ മാത്രമാണ് വിദ്യാർത്ഥികളെ വാഹനത്തിൽ കയറാൻ അനുവദിച്ചത്. ബസിന്‍റെ ഡോറിന് സമീപം, ജീവനക്കാരുടെ അനുമതിക്കായി മഴ നനഞ്ഞുകൊണ്ട് കാത്തുനിൽക്കുന്ന വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ബാഗും ബുക്കുകളുമടക്കമായി വിദ്യാർത്ഥികൾ മഴ നനഞ്ഞ് നിൽക്കുന്ന വീഡിയോ കൃഷ്ണകുമാർ എന്നയാളാണ് പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ ബാലവകാശ കമ്മീഷൻ കേസെടുത്തിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ബസ് പോകുമ്പോൾ മാത്രമേ കയറാൻ അനുവാദമുള്ളൂ എന്നും അല്ലാത്ത പക്ഷം അവർ കൺസഷന് പകരം മുഴുവൻ തുകയും ഈടാക്കുമെന്നും വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തങ്ങളെ യാത്രക്കാരായിപ്പോലും കണക്കാക്കുന്നില്ലെന്നും ഇവർ പരാതിപ്പെട്ടു,. അതേസമയം വിദ്യാർത്ഥികളോട് വിവേചനം കാണിക്കുകയാണെന്ന് വീഡിയോ പകർത്തിയ കൃഷ്ണകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. എന്നാല്‍, കുട്ടികളെ മഴയത്ത് നിർത്തിയിട്ടില്ലെന്നാണ് സിഗ്മ ബസ് ഡ്രൈവർ നൗഷാദ് പറഞ്ഞത്. മഴ പെയ്യുമ്പോൾ വിദ്യാർത്ഥികൾ വെയിറ്റിംഗ് ഷെഡിലായിരുന്നുവെന്നും എല്ലാ യാത്രക്കാരെയും കയറ്റി അവസാനമാണ് കുട്ടികളെ കയറ്റാറുള്ളതെന്നും ഡ്രൈവർ പ്രതികരിച്ചു.  

വിദ്യാർത്ഥികളെ മഴയത്ത് നിർത്തിയിട്ടില്ലെന്ന് സിഗ്മ ബസ് ഡ്രൈവർ; പിഴ ചുമത്തി ആർടിഒ

click me!