
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എംഡിഎംഎ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായി രണ്ട് പേർ അറസ്റ്റിലായ കേസിൽ ഒരാൾ കൂടി പിടിയിൽ. കുളത്തൂർ കിഴക്കുംകര സ്വദേശി ആർ.എൽ. ആകാശ് (26) ആണ് കോവളം പൊലീസിന്റെ അന്വേഷണത്തിൽ പിടിയിലായത്. ആകാശിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് ലഹരിവസ്തുക്കളുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ മൊബൈൽ ഫോണിൽ എംഡിഎംഎ വിൽപ്പനയുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും കണ്ടെത്തി. നഗരത്തിലെ ലഹരിവിൽപ്പനയിലെ പ്രധാന കണ്ണികളിലൊരാളാണ് ആകാശെന്നും ലഹരിക്കടത്തിലൂടെ സമ്പാദിച്ച സ്വത്തുക്കൾ കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കോവളം പൊലീസ് പറഞ്ഞു. ജൂൺ 30നാണ് തുമ്പ കരിമണൽ സ്വദേശി സച്ചുവും പാങ്ങപ്പാറ സ്വദേശി അഖിൽ കൃഷ്ണ യും അറസ്റ്റിലായത്. ഇവരിൽനിന്ന് 120 ഗ്രാമിലധികം എംഡിഎംഎ, 4.11 ഗ്രാം ഹാഷിഷ് ഓയിൽ, 200 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തിരുന്നു. ബെംഗളൂരുവിൽനിന്ന് ഒന്നരലക്ഷം രൂപയ്ക്ക് ലഹരിവസ്തുക്കൾ വാങ്ങി തമിഴ്നാട് വഴി തിരുവനന്തപുരത്തേക്ക് എത്തിക്കുമ്പോഴാണ് സംഘം പിടിയിലായത്. സച്ചുവിനും സഹോദരൻ സഞ്ജുവിനുമെതിരെ നേരത്തെയും ലഹരിക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റിലായ ആകാശിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam