കള്ളക്കേസില്‍ കുടുക്കി ജീവിതം നശിപ്പിച്ചെന്ന് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് പറഞ്ഞ ശേഷം യുവാവ് ജീവനൊടുക്കി

By Web TeamFirst Published Jan 21, 2023, 10:37 AM IST
Highlights

ആത്മഹത്യയ്ക്ക് മുമ്പ് ഇയാൾ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് തൊടുപുഴ പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറാണ് തന്‍റെ മരണത്തിന് ഉത്തരവാദിയെന്ന് അറിയിച്ചു. 


തിരുവനന്തപുരം: പൊലീസിനെ ഫോണിൽ വിളിച്ച് മരണമൊഴി അറിയിച്ച ശേഷം യുവാവ് ജീവനൊടുക്കി. ഇല്ലാത്ത കേസ് പൊലീസ് തന്‍റെ മേൽ കെട്ടിവച്ചെന്നും ഇത് മൂലം തന്‍റെ ജീവിതം പൊലീസ് നശിപ്പിച്ചെന്നും ഇതിനാലാണ് ആത്മഹത്യ ചെയ്തതെന്നുമാണ് ഇയാള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് പറഞ്ഞത്. വെങ്ങാനൂർ പ്രസ് റോഡിൽ താമസിക്കുന്ന ചിക്കു എന്ന് വിളിക്കുന്ന അമൽജിത്ത് (28) ആണ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച ശേഷം വീടിനുള്ളിൽ തൂങ്ങി മരിച്ചത്. 

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. ആത്മഹത്യയ്ക്ക് മുമ്പ് ഇയാൾ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് തൊടുപുഴ പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറാണ് തന്‍റെ മരണത്തിന് ഉത്തരവാദിയെന്ന് അറിയിച്ചു. കുടുംബ വഴക്കിനെ തുടർന്ന് ഉണ്ടായ പ്രശ്നങ്ങളിൽ പൊലീസ് തന്നെ മാത്രം പ്രതിയാക്കിയെന്നായിരുന്നു ഇയാളുടെ ആരോപണം. ചെയ്യാത്ത കുറ്റത്തിന് താൻ 49 ദിവസം ജയിൽ വാസം അനുഭവിച്ചെന്നും പൊലീസ് കാരണം 17 ദിവസം മാനസിക രോഗാശുപത്രിയില്‍ കഴിഞ്ഞെന്നും യുവാവ് പറയുന്നു. താൻ മരിച്ചുപ്പോയാലും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി എടുക്കണമെന്നും യുവാവ് പറയുന്നുണ്ട്.  

കൺട്രോൾ റൂമിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തന്‍റെ ജീവിതം നശിപ്പിച്ച ശേഷം തനിക്ക് എതിരെ കള്ള കേസ് എടുത്ത സർക്കിൾ ഇൻസ്പെക്ടറും പരാതികാരനും സുഖമായി ജീവിക്കുന്നുവെന്നും യുവാവ് ആരോപിച്ചു. അമൽജിത്ത് ഫോണ്‍ വിളിച്ചതിന് പിന്നാലെ പൊലീസ് കൺട്രോൾ റൂമിൽ നിന്ന് സന്ദേശം വിഴിഞ്ഞം പൊലീസിന് കൈമാറിയെങ്കിലും ഇയാളുടെ കൃത്യമായ സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ല. പൊലീസ് സംഘം വെങ്ങാനൂർ മേഖലയിലെത്തി യുവാവിനെ കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിൽ ഇയാള്‍ ആത്മഹത്യ ചെയ്തിരുന്നു. 

 

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പൊലീസുമായി സംസാരിച്ച 8 മിനിറ്റ് വരുന്ന ഫോൺ റെക്കോർഡിംഗ് ഇയാള്‍ സുഹൃത്തുക്കൾക്ക് അയച്ച് നൽകി. ഒടുവില്‍ പൊലീസ് വീട് കണ്ടുപിടിച്ചപ്പോഴേക്കും യുവാവ് മരണത്തിന് കീഴടങ്ങിയിരുന്നു. തനിക്ക് പരാതികളുമായി മുന്നോട്ട് പോകാൻ സാമ്പത്തിക ശേഷി ഇല്ലെന്നും താൻ മരിച്ച് കഴിഞ്ഞാൽ തന്‍റെ മൂന്ന് മക്കളുടെയും സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും അവരുടെ വിദ്യാഭ്യാസം, ഭക്ഷണം എന്നിവ സർക്കാർ നോക്കണമെന്നും അറിയിച്ചാണ് യുവാവ്  ഫോൺ കട്ട് ചെയ്തത്,  വിഴിഞ്ഞം പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഇന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റും. സംഭവത്തിൽ വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

2022 ഏപ്രിൽ 13 -നാണ് അമൽജിത്തിനെതിരെ തൊടുപുഴ പോലീസ് കേസെടുത്തത്. അമൽജിത്ത് തൊടുപുഴ സ്വദേശിയായ ഒരു സ്ത്രീയുമായി പ്രണയത്തിലായിരുന്നു. ഇവരുടെ അയൽവാസിയെ അമല്‍ജിത്ത് വെട്ടിപരിക്കൽപ്പിച്ചു എന്ന പരാതിയിലാണ് കേസെടുത്തത്. കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. റിമാൻഡിൽ കഴിയവെ അമൽജിത്ത് കോട്ടയം മെഡിക്കൽ കോളേജ് മാനസികരോഗ വിഭാഗത്തിൽ ചികിത്സ തേടിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. 27 ജൂൺ തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്‍റെ നിർദ്ദേശത്തെ തുടർന്നാണ് അമൽജിത്തിനെ മാനസിക ചികിത്സയ്ക്ക് അയച്ചത്. ചികിത്സ നൽകാൻ മജിസ്ട്രേറ്റ് ജയിൽ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. 

click me!