
സിവിൽ സപ്ലൈസ് വകുപ്പിന്റെ (Civil Supplies) നീതി നിഷേധത്തിന്റെ ഇരയാണ് പത്തനംതിട്ട ഏഴംകുളം സ്വദേശി സി പി ഷാജി. റേഷൻ കാർഡ് (Ration Card) മുൻഗണന പട്ടികയിൽ ഉൾപ്പെടുത്താനായി കഴിഞ്ഞ പതിനഞ്ച് കൊല്ലമായി ഓഫീസുകൾ കയറി ഇറങ്ങിയിട്ടും ഉദ്യോഗസ്ഥർ കനിവ് കാണിച്ചിട്ടില്ല. അർഹതപ്പെട്ട അവകാശം നിഷേധിക്കപ്പെട്ടതോടെ സർക്കാർ ആനുകൂല്യങ്ങളുടെ പട്ടികയ്ക്കും പുറത്താണ് നിർധന കുടുംബമുള്ളത്.
എല്ലാവർക്കും അന്നം ഊട്ടുന്ന സിവിൽ സപ്ലൈസ് വകുപ്പാണ് അന്നന്നത്തെ അന്നത്തിനും പോലും ബുദ്ധിമുട്ടുന്ന ഷാജിയുടെ അന്നം മുടക്കുന്നത്. ഒരു ബിപിഎൽ കാർഡിനായി മുട്ടാത്ത വാതിലുകൾ ഇല്ലെന്ന് ഷാജി പറയുന്നു. ഒരു ദിവസം കൂലിപ്പണിക്ക് പോയില്ലെങ്കില്‍ വീട് പട്ടിണിയാണ്. മകള്‍ക്ക് കോളേജി പോകാന്‍ ഉള്ള വണ്ടിക്കൂലി കൊടുക്കാനുള്ള പണം പോലും തന്‍റെ കയ്യിലില്ലെന്നും ഷാജി പറയുന്നു. ഇതാണ് ഈ നീല കാർഡ് ഉടമയുടെ അവസ്ഥ.
ഏറ്റവും ഒടുവിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന്, കഴിഞ്ഞ ഫെബ്രുവരി പത്തിന് അടൂർ താലൂക്ക് സപ്ലൈ ഓഫീസർ നൽകിയ മറുപടി ആണ് വിചിത്രം. ഷാജി താമസിക്കുന്ന വീട് ആയിരം സ്ക്വയര്‍ ഫീറ്റിലും അധികമാണ്. അതിനാല്‍ നിലവിലെ മാനദണ്ഡമനുസരിച്ച് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നാണ് താലൂക്ക് സപ്ലൈ ഓഫീസര്‍ അപേക്ഷയില്‍ അന്വേഷണം നടത്തിയ ശേഷം നല്‍കിയ മറുപടി. രണ്ട് മുറിയും അടുക്കളയും മാത്രമുള്ള ഷാജിയുടെ വീട് നാനൂറ് സ്ക്വയര്‍ ഫീറ്റ് പോലും വരില്ലെന്ന് ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ സാധിക്കുമ്പോഴാണ് ഈ വിചിത്രമായ മറുപടി.
അപേക്ഷയിലെ അന്വേഷണത്തിനായി ആരും എത്തിയില്ലെന്നും പോസ്റ്റലായി കത്ത് ലഭിക്കുകയായിരുന്നുവെന്നും ഷാജി പറയുന്നു. പരാതിയുമായി എത്തിയപ്പോള്‍ വരുമാനം കൂടുതലാണ് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല, കൊറോണ ആയതിനാല്‍ കൂടുതല്‍ സംസാരിക്കാന്‍ ആവില്ലെന്നുമായിരുന്നു ഷാജിക്ക് ലഭിച്ച പ്രതികരണം. പതിനാറ് കൊല്ലം മുന്പ് ഷാജിയുടെ ഭാര്യ മരിച്ചു. രണ്ട് പെൺമക്കളാണ് ഷാജിക്ക് ഉളളത്