
ഭര്‍ത്താവിന് രഹസ്യമായി മനോരോഗ ചികിത്സയുടെ മരുന്നുകള്‍ ഭക്ഷണത്തിലൂടെ നല്‍കിയ ഭാര്യ അറസ്റ്റില്‍. ഭര്‍ത്താവിന്‍റെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ ചെയ്തതാണെന്ന് ഭാര്യ അവകാശപ്പെടുമ്പോള്‍ സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കമാണോയെന്ന സംശയത്തിലാണ് പൊലീസുള്ളത്. പാലാ മീനച്ചില്‍ സ്വദേശിയായ മുപ്പത്തിയാറുകാരിയായ ആശാ സുരേഷിനെയാണ് ഭര്‍ത്താവ് സതീഷ് ശങ്കറിന്‍റെ പരാതിയില്‍ അറസ്റ്റ് ചെയ്തത്. ചിറയിൻകീഴ് സ്വദേശിയായ സതീഷ് മുറപ്പെണ്ണായിരുന്നു ആശയെ 2006ലാണ് വിവാഹം ചെയ്യുന്നത്. ഇവരുവരും തമ്മില്‍ കലഹം പതിവായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിക്കുന്നത് സംബന്ധിച്ച് ആശ ഇതിന് മുന്‍പ് പരാതി നല്‍കിയിരുന്നു. 2015ല്‍ മുതല്‍ സതീഷിനുള്ള ഭക്ഷണത്തില്‍ ഗുളിക കലര്‍ത്തിയതായാണ് സൂചന. മനോരോഗത്തിനുള്ള ഗുളിക വെള്ളത്തിൽ കലർത്തി ഭക്ഷണത്തിൽ നൽകുന്നതായിരുന്നു രീതി. ഈ വെള്ളം കുടിച്ച് കഴിഞ്ഞാല്‍ ക്ഷീണം വന്ന് ഉറങ്ങിപ്പോകുമായിരുന്നു. ഭക്ഷണം കഴിച്ചാല്‍ ക്ഷീണം പതിവായതോടെ പല ഡോക്ടര്‍മാരേയും സതീഷ് കണ്ടെങ്കിലും ഫലമുണ്ടായില്ല. പിന്നീടാണ് വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാതെ ആയത് ഇതോടെ ക്ഷീണം കുറഞ്ഞു.
ഐസ്ക്രീം കമ്പനിയുടെ മൊത്ത വിതരണ ഏജൻസി ഉടമയായ സതീഷിന് മറ്റൊരാള്‍ വഴി വെള്ളം എത്തിക്കാന്‍ ആശ തുടങ്ങി. ഇതോടെ വീണ്ടും ക്ഷീണം തുടങ്ങി. ഭാര്യയെ സംശയം തോന്നിയ സതീഷ് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് കുടിവെള്ളത്തില്‍ മരുന്ന് കലര്‍ത്തുന്നത് ശ്രദ്ധിക്കുന്നത്. ഇതോടെ ആശയുടെ ഉറ്റസുഹൃത്തിന് കൂട്ടപിടിച്ച് സതീഷ് നടത്തിയ അന്വേഷണത്തിലാണ് മനോരോഗ ചികിത്സയ്ക്കുള്ള മരുന്നാണ് തനിക്ക് വെള്ളത്തിലൂടെ നല്‍കിയതെന്ന് വ്യക്തമാകുന്നത്. ആശ കൂട്ടുകാരിയോട് നടത്തിയ വാട്ട്സ് ആപ്പ് സംഭാഷണം കൂടുതല്‍ തെളിവായി. ഭർത്താവിന്റെ ഉപദ്രവം കുറയ്ക്കാനാണ് മരുന്ന് കൊടുക്കുന്നത്. ഇതു കൊടുത്താൽ പല്ലു കൊഴിഞ്ഞ സിംഹം പോലെ കിടന്നോളും, ഒരു ശല്യവുമില്ലെന്നാണ് ആശ സുഹൃത്തിനോട് പറഞ്ഞത്.
കഴിച്ചിരുന്ന മരുന്നിന്‍റെ പേരും സുഹൃത്ത് ആശയില്‍ നിന്ന് മനസിലാക്കിയെടുത്ത് സതീഷിന് പറഞ്ഞുകൊടുത്തു. ഈ മരുന്നുമായി ഡോക്ടർമാരെ കണ്ട സതീഷ് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി ലാബിൽ പരിശോധനയും നടത്തി. ദീർഘകാലം മരുന്നു കഴിച്ചാൽ മനോരോഗമോ മരണമോ സംഭവിക്കാമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. ആശയെ സഹായിച്ചവരെക്കുറിച്ച് വിവരം ലഭിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam