കൊല്ലം പത്തനാപുരത്ത് 78കാരിയായ ബീവിയമ്മയുടെ മരണത്തിൽ ചെറുമകൻ അജ്മൽ അറസ്റ്റിൽ. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതോടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ്
കൊല്ലം: 78കാരിയുടെ മരണവുമായി ബന്ധപ്പെട്ട് ചെറുമകനെ പോലീസ് അറസ്റ്റ് ചെയ്തു. പുന്നല മുമ്മൂല പുത്തൻവീട്ടിൽ പരേതനായ തങ്കപ്പ റാവുത്തറുടെ ഭാര്യ ബീവിയമ്മയുടെ മരണത്തിലാണ് മകളുടെ മകൻ അജ്മലിന്‍റെ (28) അറസ്റ്റ് പത്തനാപുരം പോലീസ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് ബീവിയമ്മയെ വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടത്. പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ആശുപത്രി ജീവനക്കാർ വിവരം പോലീസിനെ അറിയിച്ചു.
നാട്ടുകാരും സംഭവത്തിൽ ദുരൂഹത ഉയർത്തി. ബീവിയമ്മ അബോധാവസ്ഥയിലാകുന്നതിനു മുൻപ് വീട്ടിൽ നിന്നും നിലവിളി ഉയർന്നിരുന്നതായി ചിലർ പോലീസിനോട് പറഞ്ഞു. സംശയം ബലപ്പെട്ടതോടെ അജ്മലിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ബീവിയമ്മയെ പിടിച്ചു തള്ളിയപ്പോൾ തലയിടിച്ച് തറയിൽ വീണാണ് മരണം സംഭവിച്ചതെന്നാണ് വിവരം. അജ്മലിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. വിശദമായി ചോദ്യം ചെയ്തു വരികയാണ്. മനപ്പൂർവ്വമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ആണ് ചുമത്തിയിട്ടുള്ളത്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബീവിയമ്മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുകയും സംസ്കാരം നടത്തുകയും ചെയ്തു. മകളുടെ വീട്ടിൽ ക്രൂരമായ പീഡനത്തിനാണ് ബീവി അമ്മ ഇരയായതെന്നാണ് വിവരം.


