
കോഴിക്കോട്: പരുന്ത് ഇളക്കിവിട്ട തേനീച്ചകൂട്ടത്തിന്‍റെ അക്രമത്തിൽ പരുക്കേറ്റ ഒരാൾ മരിച്ചു. പെരുമണ്ണ പാറമ്മൽ പൂവ്വത്തുംകണ്ടി നടക്കാവിൽ ചന്ദ്രൻ (68) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ പെരുമൺപുറ പിലാക്കാട്ടുതാഴം പൊറ്റപറമ്പിൽ അടയ്ക്ക പറിക്കുന്നതിനിടെയാണ് സംഭവം. പറിച്ചെടുത്ത അടയ്ക്ക ചാക്കുകളിലേക്ക് മാറ്റുന്നതിനിടെയാണ് ചന്ദ്രന് തേനീച്ചയുടെ കുത്തേറ്റത്.
കൂടെ ഉണ്ടായിരുന്ന രണ്ട് പേർക്കും തേനിച്ചയുടെ കുത്തേറ്റ് പരിക്കേറ്റിരുന്നു. പെരുവയൽ കായലം പള്ളിത്താഴം മൂസ്സ (67), വാഴക്കാട് അനന്തായൂർ നടയംകുന്നത്ത് അഭിലാഷ് (38) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. അടയ്ക്ക ചാക്കിലേക്ക് മാറ്റുന്നതിനിടെ ചന്ദ്രനെയാണ് തേനീച്ച കൂട്ടം ആദ്യം ആക്രമിച്ചത്. ചന്ദ്രനെ പൊതിഞ്ഞ തേനീച്ചകളെ ഓടിക്കാന്‍ ശ്രമിക്കവെയാണ് മുസക്കും അഭിലാഷിനും തേനീച്ചകളുടെ കുത്തേൽക്കുന്നത്. ഇവരുടെ നിലവിളി കേട്ടെത്തിയ സമീപവാസികൾ വെള്ളം ഒഴിച്ചും മറ്റും തേനീച്ചയെ തുരത്തി മൂവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
ഗുരുതരമായ പരുക്കേറ്റ ചന്ദ്രൻ ആശുപത്രിയിലെത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു രമണിയാണ് ചന്ദ്രന്‍റെ ഭാര്യ.രതീഷ് (ഫ്ളിപ്പ്കാർട്ട് ), രമ്യ (സിവിൽ പൊലീസ് ഓഫീസർ, മാവൂർ പൊലീസ് സ്‌റ്റേഷൻ), രഞ്ജിത്ത് (ജെ.ബി. ഫാർമ) എന്നിവരാണ് മക്കള്‍. സംസ്ക്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മാങ്കാവ് ശ്മശാനത്തിൽ നടക്കും. തേൻ കുടിക്കാനെത്തിയ പരുന്താണ് വലിയ തേനീച്ച കൂട് ഇളക്കിയത്. പരുന്തിനെ പിന്തുടർന്ന് നാൽപത് മീറ്ററോളം അകലെയുള്ള കവുങ്ങിന് സമീപമെത്തിയ തേനീച്ചകൾ പരുന്ത് പറന്ന് പോയതോടെ താഴെ കണ്ട ചന്ദ്രനെ അക്രമിക്കുകയായിരുന്നെന്ന് കുടെയുള്ളവർ പറഞ്ഞു.
ഇതിനിടെ തിരുവനന്തപുരത്ത് തീരത്ത് കളിക്കുന്നതിനിടെ ഒന്നര വയസുകാരന് തിരയിൽപ്പെട്ട് ദാരുണാന്ത്യം. പൂവാർ കരുംകുളം പുതിയതുറ കുളപ്പുര ഹൗസിൽ ഉണ്ണി - സജിത ദമ്പതികളുടെ മകൻ ഫാബിയോ ആണ് തിരയിലകപ്പെട്ട് മരിച്ചത്. പുതിയതുറ ഫിഷ് ലാന്‍റിംഗ് സെന്‍ററിന് സമീപത്താണ് സംഭവം. കുഞ്ഞിനെ സഹോദരനെ ഏൽപിച്ച ശേഷം മാതാവ് സജിത കുടുംബശ്രീ യോഗത്തിന് പോയ സമയത്താണ് അപകടം നടന്നതെന്നും കുട്ടിയുടെ സഹോദരന്‍റെ ശ്രദ്ധ മാറിയപ്പോൾ കുട്ടി കടൽത്തീരത്തേക്ക് പോയി അപകടത്തിൽ പ്പെടുകയായിരുന്നുവെന്നും പൂവാർ കോസ്റ്റൽ പൊലീസ് പറഞ്ഞു. സഹോദരന്‍റെ കരച്ചില്‍ കേട്ട് ഓടിക്കൂടിയവര്‍ കുട്ടിയെ രക്ഷപ്പെടുത്തി കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം, വിദഗ്ദ ചികിത്സയ്ക്കായി നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam