
കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി പൊലീസ്. തിങ്കളാഴ്ച രാവിലെ ഏഴ്മണിയോടെയാണ് കമ്പളക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന വെണ്ണിയോട് ചെറുപുഴ പാലത്തിന് സമീപം വെണ്ണിയോട് കൊളക്കാമൊട്ടക്കുന്ന് ഉന്നതിയിലെ അനീഷ് (23) മരിച്ച് കിടക്കുന്ന നിലയില്‍ പ്രദേശവാസികള്‍ കണ്ടത്.
വിവരമറിഞ്ഞ് കമ്പളക്കാട് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് നിലവില്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. മൃതദേഹം കണ്ടെത്തിയതിന് സമീപം ഉപേക്ഷിച്ച വൈദ്യുതി തൂണ്‍ ഉപയോഗിച്ച് പ്രദേശത്തുള്ളവര്‍ ഇരിപ്പിടമൊരുക്കിയിട്ടുണ്ടായിരുന്നു. മദ്യാപന ശീലമുള്ള അനീഷ് രാത്രിയില്‍ ഇവിടെയെത്തി ഇവിടെയിരുന്നപ്പോള്‍ താഴേക്ക് വീണപ്പോള്‍ ഇരിപ്പിടത്തില്‍ പിടിച്ച് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുകയും ഈ സമയം തൂണ്‍ ഇദ്ദേഹത്തിന്റെ ദേഹത്തേക്ക് വീണതായിരിക്കുമെന്നുമാണ് പൊലീസ് നിഗമനം.
വൈദ്യുതി തൂണ്‍ അനീഷിന്റെ നെഞ്ചിലേക്ക് വീണ നിലയിലായിരുന്നു. മൃതദേഹം മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി വീടിന് സമീപത്തെ പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു. പിതാവ്: അച്ച്യൂതന്‍. മാതാവ്: പാര്‍വതി. സഹോദരങ്ങള്‍: സുരേഷ്, ജാനകി, അശ്വതി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam