തലശ്ശേരിയില്‍ തീവണ്ടിയില്‍ ഓടിക്കയറാന്‍ ശ്രമിച്ചയാള്‍ വീണുമരിച്ചു

By Web TeamFirst Published Jan 6, 2022, 9:10 AM IST
Highlights

തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ രണ്ടാമത്തെ പ്ലാറ്റ്ഫോമിലെ മില്‍മ ബൂത്തിന് സമീപം, മംഗളൂരു-എഗ്മോര്‍ എക്സ്പ്രസ് കയറാന്‍ ശ്രമിക്കുമ്പോഴാണ് ഹാഷിമിന് അപകടം സംഭവിച്ചത്. 

തലശ്ശേരി: റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഓടിതുടങ്ങിയ വണ്ടിയില്‍ ഓടിക്കയറാന്‍ ശ്രമിച്ചയാള്‍ വീണുമരിച്ചു. പുന്നാട് ചൊലക്കണ്ടിയില്‍ കുന്നത്ത് ഹൌസില്‍ ഹാഷിം ആണ് മരണപ്പെട്ടത്. ഇയാള്‍ക്ക് 68 വയസാണ്. തീവണ്ടിയില്‍ നിന്ന് വീണ് പ്ലാറ്റ്ഫോമിനും, തീവണ്ടിക്കും ഇടയില്‍ കുടുങ്ങിയാണ് അപകടം സംഭവിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം.

തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ രണ്ടാമത്തെ പ്ലാറ്റ്ഫോമിലെ മില്‍മ ബൂത്തിന് സമീപം, മംഗളൂരു-എഗ്മോര്‍ എക്സ്പ്രസ് കയറാന്‍ ശ്രമിക്കുമ്പോഴാണ് ഹാഷിമിന് അപകടം സംഭവിച്ചത്. രാവിലെ 9.26ന് സ്റ്റേഷനില്‍ എത്തിയ തീവണ്ടി രണ്ട് മിനുട്ട് സമയത്തിന് ശേഷം നീങ്ങി തുടങ്ങിയപ്പോഴാണ് ഹാഷിം അതില്‍ കയറാന്‍ ശ്രമിച്ചത്. അതിനിടയില്‍ പിടിവിട്ട് ഹാഷിം വീഴുകയായിരുന്നു. ഹാഷിമിനെ യാത്രക്കാരും മറ്റും ചേര്‍ന്ന് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. 

ഹാഷിം വീഴുമ്പോള്‍ തീവണ്ടിയില്‍ ഉണ്ടായിരുന്ന ഒരാള്‍ പിടിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് ദൃസാക്ഷികള്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് തീവണ്ടി 22 മിനുട്ട് തലശ്ശേരി സ്റ്റേഷന് സമീപം പിടിച്ചിട്ടു. ബിസിനസ് ആവശ്യത്തിനായി തിരുപ്പൂരിലേക്ക് പോകാന്‍ ഇരിക്കുകയായിരുന്നു ഹാഷിം. 

ഹാഷിമിന്‍റെ കയറാനുള്ള ശ്രമവും, വീഴലും പെട്ടന്നായിരുന്നു എന്നാണ് അപകടം നടന്നതിന് സമീപത്ത് മില്‍മ ബൂത്ത് നടത്തുന്ന മിഥുലാജ് പറയുന്നത്. സംഭവം നടക്കുമ്പോള്‍ പ്ലാറ്റ്ഫോമിലുള്ള മറ്റ് യാത്രക്കാര്‍ വണ്ടിയില്‍ കയറാനോ, പുറത്തേക്ക് ചാടാനോ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഹാഷിം ചാടിക്കയറുന്നത് റെയില്‍വേ ഗാര്‍ഡും കണ്ടിരുന്നു. 

click me!