വ്യാപാര സ്ഥാപനത്തിൽ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലീസ്

By Web TeamFirst Published Jan 15, 2020, 10:16 PM IST
Highlights


ഫാനിൽ തൂങ്ങാനുപയോഗിച്ച കൈലിമുണ്ട് കിടപ്പുണ്ടെങ്കിലും മൃതദേഹം കസേരയിലും മേശക്ക് മുകളിലുമായി കമഴ്ന്ന് കിടക്കുന്ന നിലയിരുന്നു. 

ഹരിപ്പാട്: രണ്ട് ദിവസമായി കാണാനില്ലായിരുന്ന ഹരിപ്പാട് സ്വദേശി മുഹമ്മദ് ആസിഫിനെ സ്വന്തം കടയ്ക്കുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി.ആറാട്ടപ്പുഴ  ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് കണ്ടങ്കേരി തെക്കതിൽ എ.എ.ജലീലിന്റെ മകൻ  മുഹമ്മദ് ആസിഫാണ് (54) മരിച്ചത്. ആറാട്ടുപുഴ ബസ്റ്റാന്റിന് സമീപം ചൈനാ ബസാർ എന്ന പേരിൽ അലങ്കാര മത്സ്യങ്ങളുടേയും ഡ്യൂട്ടി പെയ്ഡിഡിന്റേയും കട നടത്തിവന്ന മുഹമ്മദ് ആസിഫിനെ ഞായറാഴ്ച മുതല്‍ കാണാനില്ലായിരുന്നു. വീട്ടുകാർ ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

കടമുറികൾ അടഞ്ഞ നിലയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയിൽ കടയിൽ നിന്നും ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് സമീപവാസികള്‍ വിവരം പോലീസിനെ അറിയിച്ചു. രണ്ട് ഷട്ടറുള്ള  കടമുറിയുടെ ഷട്ടറിൽ ഒന്ന് താഴിട്ട് പൂട്ടിയും മറ്റേത് അകത്തുനിന്ന് പൂട്ടിയ നിലയിലുമായിരുന്നു. രാത്രി പത്തരയോടെ തൃക്കുന്നപ്പുഴ പൊലീസെത്തി ഷട്ടർ തുറന്നപ്പോഴാണ്  മുഹമ്മദ് ആസിഫിനെ മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെ 9.30- ന് തൃക്കുന്നപ്പുഴ എസ്.ഐ. കെ.വി. ആനന്ദബാബുവിന്റെ നേതൃത്വത്തിൽ പോലീസും, ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ദരും എത്തി പരിശോധന നടത്തി. 

ഫാനിൽ തൂങ്ങാനുപയോഗിച്ച കൈലിമുണ്ട് കിടപ്പുണ്ടെങ്കിലും മൃതദേഹം കസേരയിലും മേശക്ക് മുകളിലുമായി കമഴ്ന്ന് കിടക്കുന്ന നിലയിരുന്നു. തൂങ്ങി മരിച്ചതിന് ശേഷം മൃതദേഹം അഴിഞ്ഞ് വീണതാകാം എന്നാണ് പോലീസിന്റെ നിഗമനം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

click me!