
ഇടുക്കി: കുളമാവ് ഡാമിൽ മീൻ പിടിക്കാൻ (Fishing) പോയ മത്സ്യത്തൊഴിലാളി (Fisherman) മുങ്ങി മരിച്ചു. കുളമാവ് കുന്നുംപുറത്ത് കെ സി ഷിബുവാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കുളമാവ് ഡാമിൽ മത്സ്യബന്ധനത്തിന് പോയതായിരുന്നു ഷിബു. എന്നാൽ രാത്രിയായിട്ടും തിരിച്ചുവന്നില്ല. ഇന്ന് പുലർച്ചെ മീൻ പിടിക്കാൻ പോയ സമീപവാസികളാണ് വലയിൽ കുടുങ്ങി കിടക്കുന്ന നിലയിൽ ഷിബുവിന്റെ മൃതദേഹം കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്ന് കുളമാവ് പൊലീസും തൊടുപുഴയിൽ നിന്നുള്ള ഫയർഫോഴ്സും എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഡാമിൽ വല വിരിക്കുന്നതിനിടെ വലയിൽ കുടുങ്ങി മുങ്ങിമരിച്ചതാവാം എന്നതാണ് പൊലീസ് നിഗമനം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി.
എയ്ഡ്സ് ബാധിതയായ 23കാരി 15കാരനെ പീഡിപ്പിച്ചു, അറസ്റ്റ്
ഡെറാഡൂൺ: എയ്ഡ്സ് രോഗം പടർത്താനായി ബന്ധുവായ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 23കാരിയായ യുവതി അറസ്റ്റിൽ. 15 വയസ്സുള്ള ആൺകുട്ടിയെയാണ് എച്ച്‌ഐവി ബാധിതയായ യുവതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. ഡെറാഡൂണിലെ ഉധംസിങ് നഗറിലാണ് സംഭവം. കുടുംബം നൽകിയ പരാതിയെ തുടർന്ന് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. മാർച്ച് മാസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എയ്ഡ്സ് ബാധിച്ചാണ് യുവതിയുടെ ഭർത്താവ് മരിച്ചത്. യുവതിക്കും എയ്ഡ്സ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് യുവതി യുപിയിലെ പിലിഭിത്തിലെ സ്വന്തം വീട്ടിലേക്ക് താമസം മാറി.
ഭർത്താവിന്റെ മരണാനന്തര ചടങ്ങിന് എത്തിയ ബന്ധുവായ 15കാരനെ യുവതി നിരന്തരമായി ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു. ഭർത്താവിന്റെ സഹോദരന്റെ മകനാണ് ഇരയായ കുട്ടി. ഹോളിക്ക് തലേ ദിവസമാണ് ആൺകുട്ടി ആദ്യം പീഡനത്തിനിരയായത്. പിന്നീട് നിരന്തരം പീഡിപ്പിച്ചു. കുട്ടി സ്വന്തം വീട്ടിലേക്ക് പോകും വരെ പീഡനം തുടർന്നു. കുട്ടിക്ക് എയ്ഡ്സ് പടർത്തുക എന്ന ലക്ഷ്യത്തോടെയാണ് യുവതി 15കാരനെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
പീഡന വിവരം പുറത്തുപറഞ്ഞാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കുട്ടിയെ യുവതി ഭീഷണിപ്പെടുത്തി. യുവതി വീണ്ടും ഭർത്താവിന്റെ വീട്ടിൽ സന്ദർശനത്തിനായി എത്തി. കുട്ടിയെ ഭീഷണിപ്പെടുത്തുന്നതിനിടെ കുട്ടിയുടെ അമ്മ സംഭവം കണ്ടു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടി എല്ലാം വെളിപ്പെടുത്തി. ഡിസംബറിലാണ് യുവതിയുടെ ഭർത്താവ് എച്ച്ഐവി ബാധിച്ച് മരിച്ചത്.