
കൊച്ചി: എറണാകുളം കോതമംഗലത്ത് വീടിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാത്തമറ്റം, ഇരട്ടക്കാലി സ്വദേശി രാജൻ (57) ആണ് കൊല്ലപ്പെട്ടത്. രാജൻ്റെ ബന്ധുവിനെ പോത്താനിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ തമ്മിൽ കഴിഞ്ഞ ദിവസം വാക്കേറ്റമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കോതമംഗലത്തിന് സമീപം ചാത്തമറ്റത്ത് ഇരട്ടക്കാലി സ്വദേശി രാജനെ വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കകത്ത് കട്ടിലിന് താഴെ കമിഴ്ന്ന് രക്തത്തിൽ കുളിച്ച് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം കണ്ടത്. പ്രതിയെന്ന് സംശയിക്കുന്ന ബന്ധുവിനെ പോത്താനിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ തമ്മിൽ കഴിഞ്ഞ ദിവസം വാക്കേറ്റമുണ്ടായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം പ്രതിയുടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.