
അരൂർ: രണ്ട് മാസം മുമ്പ് അരൂരിൽ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ പ്രതിക്ക് ലഹരിമരുന്ന് നൽകിയ യുവാവ് അറസ്റ്റിൽ. ചെല്ലാനം അന്തിക്കടവ് സ്വദേശി തോമസ് രാഹുലിനെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അരൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. പൊലീസിനെ പേടിച്ച് പ്രതി കടലിൽ ബോട്ടിൽ തന്നെ ഒളിച്ചു താമസിച്ചുവരികയായിരുന്നു. പുറംകടലിൽ നങ്കൂരമിടുന്ന കപ്പലിലേക്ക് സാധനങ്ങൾ കയറ്റുന്ന വെസലിലെ ഡ്രൈവറായിരുന്നു പ്രതി. എറണാകുളം വെല്ലിങ്ടൺ ഐലൻഡിലെ ഒരു കമ്പനിയിലെ ജീവനക്കാരനായിരുന്നു.
കഴിഞ്ഞ രണ്ട് മാസമായി പ്രതി വെസലിൽ തന്നെയായിരുന്നു താമസം. പല തവണ പൊലീസ് വീട്ടിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കൊച്ചിൻ ഷിപ്പ് യാർഡിൽ ബാർജിന്റെ അറ്റകുറ്റപ്പണിയിൽ ട്രാൻസ്പോർട്ടിങ് ഏർപ്പെട്ടിരുന്ന പ്രതിയെ ഷിപ്പ് യാഡിലെ ജീവനക്കാരുടെ സഹായത്തോടെ ഒളിവിൽ താമസിച്ചിരുന്ന വെസലിൽ നിന്നും സ്പീഡ് ബോട്ടിൽ എത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ അപ്രതീക്ഷിത നീക്കത്തിൽ പ്രതി കുടുങ്ങുകയായിരുന്നു. നർക്കോട്ടിക് സെൽ ഡി വൈ എസ് പി പങ്കജാക്ഷൻ ബി യുടെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർത്തല ഡി വൈ എസ് പി അനിൽ കുമാറിന്‍റെ നേതൃത്വത്തിൽ അരൂർ സിഐ പ്രതാപചന്ദ്രനും ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.