
തൃശൂർ : മീൻപിടിക്കാനെന്ന വ്യാജേനയെത്തി കഞ്ചാവ് വിൽപന നടത്തി വന്നിരുന്ന യുവാവിനെ ആറേമുക്കാൽ കിലോയിലധികം കഞ്ചാവും മാരകായുധങ്ങളുമായി പൊലീസ് പിടികൂടി. നാട്ടിക സ്വദേശി വിഷ്ണു (37) വാണ് അറസ്റ്റിലായത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും വലപ്പാട് പൊലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് വീടിന്റെ ടെറസിനു മുകളിൽ ഒളിപ്പിച്ച നിലയിൽ വിൽപ്പനക്കായി സൂക്ഷിച്ച ഗ്രീൻസ് ഇനത്തിൽപ്പെട്ട 6 കിലോ 830 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. വ്യത്യസ്ത ആകൃതികളിലുള്ള അഞ്ച് വടിവാളുകൾ, പ്രത്യേക തരം കത്തി, എയർഗൺ, കഞ്ചാവ് തൂക്കം നോക്കുന്നതിനുള്ള ഡിജിറ്റൽ ത്രാസ്സ്, കഞ്ചാവ് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ചെറിയ പോളിത്തീൻ കവറുകൾ എന്നിവയും പിടിച്ചെടുത്തു.
നാട്ടിൻപുറങ്ങളിലെ തോടുകളിലും കുളങ്ങളിലും വലയുമായി മീൻപിടിക്കാൻ എന്ന വ്യാജേനയാണ് യുവാവ് എത്തിയിരുന്നത്. മീൻപിടിത്തക്കാരൻ എന്ന വ്യാജേന എത്തി ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വച്ചാണ് ആവശ്യക്കാർക്ക് കഞ്ചാവ് കൈമാറിയിരുന്നത്. പ്രതി ഇത്തരത്തിൽ കഞ്ചാവ് വിൽപ്പന നടത്തുന്നതായി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വിഷ്ണു മലപ്പുറം ജില്ലയിലും ഇടുക്കി ജില്ലയിലും കഞ്ചാവുമായി നേരത്തെ അറസ്റ്റിലായിരുന്നു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ തൃശൂർ റൂറൽ ഡാൻസാഫ് എസ് ഐ പ്രദീപ് സി ആർ, ജി എ എസ് ഐ ലിജു ഇയ്യാനി, ജി എസ് സി പി ഒ ബിജു, സി പി ഒ സുർജിത്ത് സാഗർ, വലപ്പാട് പോലീസ് എസ് എച്ച് ഒ അനിൽകുമാർ, കയ്പമംഗലം പോലീസ് എസ് എച്ച് ഒ ബിജിത്ത്, വലപ്പാട് പോലീസ് സ്റ്റേഷൻ ജി.എ എസ് ഐ ചഞ്ചൽ, ജി.എസ്.സി.പി. ഒ സിയാദ്, സി.പി.ഒ മാരായ സൈനുദ്ദീൻ, വിപിൻദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam