
കൊല്ലം: അരിഷ്ടം കുടിച്ചതിന്റെ കുടിശ്ശിക പണം ചോദിച്ചതിന് അരിഷ്ടക്കട ജീവനക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം കടയ്ക്കലിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അരിഷ്ടക്കടയിലെ ജീവനക്കാരനായ മണലുവട്ടം സ്വദേശി സത്യബാബുവിനെയാണ് കടയ്ക്കൽ തുടയന്നൂർ സ്വദേശിയായ സിനു കൊലപ്പെടുത്തിയത്. നവംബർ 15 നായിരുന്നു കൊലയ്ക്ക് കാരണമായ സംഭവം നടന്നത്. അരിഷ്ടക്കടയിലെത്തിയ സിനുവിനോട് മുൻപ് കുടിച്ചതിന്റെ പണം സത്യബാബു ആവശ്യപ്പെട്ടതോടെ മർദ്ദിക്കുകയായിരുന്നു. റോഡിൽ തല പിടിച്ച് ഇടിച്ചു. ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 20 ദിവസമായി ചികിത്സയിലായിരുന്ന സത്യബാബു ഇന്ന് മരണപ്പെടുകയായിരുന്നു. വധശ്രമത്തിന് കേസെടുത്ത് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്ന പ്രതി സിനു നിലവിൽ റിമാൻഡിലാണ്. സത്യ ബാബു മരിച്ചതോടെ കൊലപാതക കുറ്റം ചുമത്തി.