ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവാവിന് നഷ്ടമായത് രണ്ടുലക്ഷം രൂപ

By Web TeamFirst Published Jun 18, 2019, 5:43 PM IST
Highlights

ജോലി ഉറപ്പു ലഭിച്ചതോടെ രണ്ടു ലക്ഷം രൂപ കെട്ടി വയ്ക്കണമെന്നും ജോലി ലഭിച്ചാല്‍ ഈ തുക മടക്കി നല്‍കാമെന്നും പറഞ്ഞതോടെ കാറ്ററിംഗ് പണികള്‍ ചെയ്ത് ഉപജീവനം കഴിച്ചു വരുന്ന യുവാവിന്റെ രക്ഷിതാക്കള്‍ ആഭരണങ്ങള്‍ പണയം വച്ചും വായ്പ വാങ്ങിയും ആവശ്യപ്പെട്ട പണം തരപ്പെടുത്തി നൽകുകയും ചെയ്തു. 

ഇടുക്കി: ജോലി വാഗ്ദാനത്തില്‍ കുടുങ്ങി പാവപ്പെട്ട കുടുംബത്തിലെ യുവാവിന് നഷ്ടപ്പെട്ടത് രണ്ടു ലക്ഷം രൂപ. മൂന്നാര്‍ കന്നിമല എസ്റ്റേറ്റ് ഫാക്ടറി ഡിവിഷന്‍ സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ പേരിലാണ് പണം തട്ടിയെടുത്തത്. യുവാവിന്റെ രക്ഷിതാക്കള്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ   മൂന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോളേജ് പഠനത്തിനു ശേഷം ക്യാമ്പസ് ഇന്റര്‍വ്യൂവിൽ പങ്കെടുത്ത യുവാവിന് ഫോണിലൂടെ ജോലി വാഗ്ദാനം എത്തുകയായിരുന്നു. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ മെയിന്റനൻസ് എഞ്ചിനീയറായി ജോലി നല്‍കാമെന്നതായിരുന്നു വാ​ഗ്ദാനം. ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ കൊച്ചി ശാഖയില്‍ നിയമനം നല്‍കാമെന്ന ഉറപ്പും നല്‍കി.
ജോലി ഉറപ്പു ലഭിച്ചതോടെ രണ്ടു ലക്ഷം രൂപ കെട്ടി വയ്ക്കണമെന്നും ജോലി ലഭിച്ചാല്‍ ഈ തുക മടക്കി നല്‍കാമെന്നും പറഞ്ഞതോടെ കാറ്ററിംഗ് പണികള്‍ ചെയ്ത് ഉപജീവനം കഴിച്ചു വരുന്ന യുവാവിന്റെ രക്ഷിതാക്കള്‍ ആഭരണങ്ങള്‍ പണയം വച്ചും വായ്പ വാങ്ങിയും ആവശ്യപ്പെട്ട പണം തരപ്പെടുത്തി നൽകുകയും ചെയ്തു. 

ആദ്യം ഏപ്രില്‍ എട്ടിന് ജോലിയില്‍ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് യുവാവിന് മെയില്‍ സന്ദേശം ലഭിച്ചു. അവസാന നിമിഷം ആ ദിവസം ജോലിയ്ക്ക് ഹാജരാകേണ്ടതില്ലെന്നും ജോലിയിൽ പ്രവേശിക്കേണ്ട തീയതി പിന്നീടറിയിക്കാമെന്നും സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന് മെയ് ഒന്നിന് ജോലിയ്ക്ക് പ്രവേശിക്കണമെന്നാവശ്യപ്പെട്ട് മെയില്‍ ലഭിച്ചതനുസരിച്ച് യുവാവ് രക്ഷിതാക്കളോടൊപ്പം കൊച്ചിയില്‍ എത്തുകയും ചെയ്തു. 

കൊച്ചിയില്‍ എത്തി വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് തങ്ങളുടെ കമ്പനിയില്‍ നിന്നും ഇത്തരമൊരു തസ്തികയിലേയ്ക്ക് ജോലിക്കാരെ ആവശ്യപ്പെട്ടിട്ടില്ലെന്നും അതിനായി പണം കൈപ്പറ്റുന്ന പതിവില്ലെന്നും അറിയിച്ചു. ഇതോടായണ് യുവാവിനും മാതാപിതാക്കള്‍ക്കും തങ്ങള്‍ കബളിക്കപ്പെടുകയായിരുന്നു എന്നു മനസ്സിലായത്. നേരത്തേ വിവരങ്ങള്‍ കൈമാറിയിരുന്ന ഫോണിലേയ്ക്ക് ബന്ധപ്പെടുമ്പോള്‍ പ്രതികരണമില്ലാതായതോടെ ഇവർ പൊലീസിൽ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

click me!