ചായ വാങ്ങാന്‍ പോയ എസ്‌റ്റേറ്റ് തൊഴിലാളിയെ കാണാതായി; പുലിയുടെ ആക്രമണമെന്ന് സംശയം; തിരച്ചിൽ തുടരുന്നു

By Web TeamFirst Published Apr 21, 2021, 2:23 PM IST
Highlights

മലമുകളില്‍ കൊളുന്ത് എടുക്കുന്ന തൊഴിലാളികള്‍ വഴിയിലൂടെ ധനശേഖര്‍ നടന്നു പോകുന്നത് കണ്ടിരുന്നു. എന്നാല്‍ തേയിലക്കാടുകള്‍ക്കു മധ്യത്തിലുള്ള ചോല വനത്തിനു സമീപമെത്തിയപ്പോള്‍ പൊടുന്നനേ അപ്രത്യക്ഷമാകുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു. 

മൂന്നാര്‍: തോട്ടത്തില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ചായ വാങ്ങുവാന്‍ പോയ തൊഴിലാളിയെ കാണാതായി. കെ.ഡി.എച്ച്.പി കമ്പനി കടചലാര്‍ എസ്‌റ്റേറ്റ് ഈസ്റ്റ് ഡിവിഷന്‍ സ്വദേശിയായ ധനശേഖര്‍ (38) നെയാണ് ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെ കാണാതായത്. തോട്ടത്തില്‍ കൊളുന്ത് എടുക്കുന്ന തൊഴിലാളികള്‍ക്ക് വേണ്ടി എസ്‌റ്റേറ്റ് കാന്റീനില്‍ ചായ വാങ്ങുവാന്‍ പോകുന്നതിനിടയ്ക്കാണ് കാണാതായത്. മലമുകളില്‍ കൊളുന്ത് എടുക്കുന്ന തൊഴിലാളികള്‍ വഴിയിലൂടെ ധനശേഖര്‍ നടന്നു പോകുന്നത് കണ്ടിരുന്നു. എന്നാല്‍ തേയിലക്കാടുകള്‍ക്കു മധ്യത്തിലുള്ള ചോല വനത്തിനു സമീപമെത്തിയപ്പോള്‍ പൊടുന്നനേ അപ്രത്യക്ഷമാകുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു. 

അതേ സമയം തന്നെ വനത്തിനുള്ളില്‍ നിന്ന് ഏതോ ഒരു ശബ്ദം കേട്ടതായും ഇവര്‍ പറയുന്നു. പുലിയുടെ ശബ്ദത്തിനു സമാനമായ ഒരു ശബ്ദമാണെന്ന് ചിലര്‍ പറഞ്ഞതോടെ തോട്ടത്തില്‍ പണിയെടുത്തിരുന്നവര്‍ ഉടന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായlല്ല. തുടര്‍ന്ന് മൂന്നാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി സമീപപ്രദേശങ്ങളില്‍ പരിശോധന തുടരുകയാണ്. 

വനം വകുപ്പ് വാച്ചര്‍മാരുടെ സഹായവും തിരിച്ചിലിനായി തേടിയിട്ടുണ്ട്. ഫോണിലേക്ക് ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച് ഓഫ് ആയ നിലയിലാണ്. വന്യമൃഗങ്ങളുടെ ആക്രമണമുണ്ടായതാണോ കാണാതായതിനു പിന്നില്‍ മറ്റു വല്ല കാരണങ്ങളുമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കാണാതായ തേയിലക്കാടിനു സമീപത്തുള്ള മറ്റു ഫീല്‍ഡുകളിലും ചോല വനങ്ങളിലും ചതുപ്പുകളിലുമെല്ലാം നാട്ടുകാരുടെ നേതൃത്വത്തില്‍ വൈകുന്നേരം വരെ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. 

 

click me!