
ആലപ്പുഴ: കുതിച്ചുയർന്ന ഇന്ധന വിലയിൽ പ്രതിഷേധിച്ച് പെട്രോൾ പമ്പിൽ യുവാവിന്റെ സാങ്കൽപിക ക്രിക്കറ്റ് കളി സമൂഹമാധ്യമങ്ങളിൽ വൈറലായി. ബാറ്റിങ്ങിനായി ക്രീസിലേക്ക് നടന്നടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയെപ്പോലെ ബുധനാഴ്ച രാവിലെ പെട്രോൾ പമ്പിലെത്തിയ ജിഷ്ണുവിനെക്കണ്ട് പമ്പ് ജീവനക്കാരും പെട്രോൾ നിറക്കാനെത്തിയവരും അമ്പരന്നു.
ഹെൽമറ്റും പാഡും അണിഞ്ഞ് ബാറ്റുമായി വിരാടിന്റെ 18ാം നമ്പർ ഇന്ത്യൻ ജേഴ്സിയിൽ എത്തി 100 രൂപക്ക് പെട്രോളും നിറച്ച ശേഷമായിരുന്നു ജിഷ്ണുവിന്റെ പ്രതിഷേധ ക്രിക്കറ്റ് കളി. തുടർന്ന് സാങ്കൽപിക ബൗളർമാരെ തുടരെ സിക്സറും ഫോറും അടിച്ചുപരത്തി അതിവേഗം സെഞ്ചുറിയിലേക്ക്.
പമ്പിൽ പെട്രോൾ വില രേഖപ്പെടുത്തിയിരിക്കുന്ന ഡിസ്പ്ലേ ബോർഡ് നോക്കി ഹെൽമറ്റും ബാറ്റും ഉയർത്തി സെഞ്ചുറി ആഘോഷം. ജിഷ്ണുവിന്റെ പ്രതിഷേധത്തിൽ കണ്ടുനിന്നവരും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇത് വിഡിയോയിൽ പകർത്തിയ കൂട്ടുകാരൻ ജിതിൻ ദേവ് വിരാട് കോഹ്ലി ബാറ്റ് ചെയ്യുമ്പോഴുള്ള കമന്ററിയുമായി എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ ഇടേണ്ട താമസം സംഭവം വൈറലുമായി.
തടിപ്പണി തൊഴിലാളിയായ ജിഷ്ണുവിന് ഒരു ദിവസത്തെ അധ്വാനത്തിന് 600 രൂപയാണ് കിട്ടുന്നത്. ഇതിൽ ജോലിയിടത്തേക്ക് പോകുന്നതിന് തന്നെ ഇപ്പോൾ 100 രൂപക്ക് മുകളിൽ പെട്രോൾ നിറക്കേണ്ട ഗതികേടിലാണെന്ന് ജിഷ്ണു പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam