പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർത്ഥിനിയെ കുത്തി പരിക്കേൽപ്പിച്ച പ്രതിക്ക് 10 വർഷം കഠിനതടവ്

By Web TeamFirst Published Jun 28, 2022, 7:34 PM IST
Highlights

വീടിന്റെ സമീപത്തുള്ള റോഡിൽ വെച്ച് പ്രതി വിദ്യാർത്ഥിനിയെ തടഞ്ഞു നിർത്തി കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും പൊട്ടിയ കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പികയുമായിരുന്നു...

കോഴിക്കോട്: പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർത്ഥിനിയെ കുത്തി കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും ശിക്ഷ. കോഴിക്കോട് കരിവിശ്ശേരി ചിറ്റിലിപ്പാട്ട് പറമ്പ് കൃഷണ കൃപയിൽ മുകേഷിനെ (35)  കോഴിക്കോട് ഒന്നാം അഡീഷണൽ ഡിസ്ട്രിക്ട് ആന്റ്  സെഷൻസ് ജഡ്ജ് കെ. അനിൽ കുമാറാണ് ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷ നിയമം 307,324, 323,341 വകുപ്പുകൾ പ്രകാരം പത്ത് വർഷത്തെ കഠിന തടവിനും 50000 രൂപ പിഴ അടക്കാനുമാണ് ശിക്ഷ വിധിച്ചത്. ഓരോ വകുപ്പുകളിലും പ്രത്യേകം ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷാകാലാവധി ഒന്നിച്ചനുഭവിച്ചാൽ മതി. പിഴ സംഖ്യ പരാതിക്കാരിക്ക് നൽകേണ്ടതാണ്. 

2018 മെയ് 10നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഉച്ചയ്ക്ക് 1.45 ന് വിദ്യാർത്ഥിനി കരിവിശ്ശേരിയിലെ തന്റെ വീട്ടിൽ നിന്ന് നടക്കാവിലുള്ള ട്യൂഷൻ സെന്ററിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ വീടിന്റെ സമീപത്തുള്ള റോഡിൽ വെച്ച് പ്രതി വിദ്യാർത്ഥിനിയെ തടഞ്ഞു നിർത്തി കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും പൊട്ടിയ കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പികയും ചെയ്യുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതി പിന്നീട് 2018 ജൂലൈ അഞ്ചിന് കോടതിയിൽ കീഴടങ്ങുകയായിരുന്നു. 

പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 10 സാക്ഷികളെ വിസ്തരിച്ചു. 11 രേഖകളും അഞ്ച് തൊണ്ടി മുതലുകളും ഹാജരാക്കി. ചേവായൂർ പൊലിസ് ഇൻസ്പെക്ടർ കെ.കെ. ബിജുവാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജോജു സിറിയക്ക്, അഡ്വക്കറ്റ് സന്തോഷ്.കെ.മേനോൻ, അഡ്വക്കറ്റ് കെ. മുഹസിന എന്നിവർ ഹാജരായി

click me!