
ഇടുക്കി: വീടിനു ചുറ്റും പെട്രോൾ ഒഴിച്ച് തീവച്ച് അഞ്ചംഗ കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സഹോദരൻ പിടിയിൽ. ഇടുക്കി അയ്യപ്പൻകോവിൽ ഇടപ്പൂക്കുളം കൊച്ചുപുരയ്ക്കൽ കെ. യു. ബെന്നിയുടെ വീടിന് തീവച്ച കേസിൽ 69 കാരനായ ജോസ് ഉലഹന്നാനാണ് പിടിയിലായത്. കുടുംബ പ്രശ്നത്തെ തുടർന്നായിരുന്നു സംഭവം. ശനിയാഴ്ച പുലർച്ചെ രണ്ടേമുക്കാലിനാണ് ബെന്നിയുടെ വീടിന് ജോസ് തീവച്ചത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും തമ്മിൽ അകൽച്ചയിലായിരുന്നു.
സംഭവം ദിവസം രാത്രി ബെന്നിയുടെ വീടിന്റെ പിന്നിലെ മൺതിട്ട ജോസ് ചാടി കടന്നു. വീട്ടിലേക്കുള്ള ഫ്യൂസ് ഊരിമാറ്റി. വൈദ്യുതി ബന്ധം വിഛേദിച്ചാൽ ഇൻവെർട്ടർ ഇല്ലാത്തതിനാൽ സിസിടിവി പ്രവർത്തിക്കില്ലെന്ന് ജോസിന് അറിയാമായിരുന്നു. തുടർന്ന് ചാക്കിൽ പ്ലാസ്‌റ്റിക് കുപ്പികൾ നിറച്ചശേഷം വീടിന്റെ മുൻവശത്തെയും പുറകിലത്തെയും വാതിൽക്കൽ വച്ചു. മുൻവശത്തെ വാതിൽക്കൽ വച്ച ചാക്കിന് തീയിട്ടപ്പോൾ പെട്രോൾ വീണ പ്ലാസ്റ്റിക് കുപ്പി വലിയ ശബ്ദത്തിൽ പൊട്ടി. ശബ്ദംകേട്ട് ബന്നിയുടെ മകൻ ലിബിൻ ഉറക്കമുണർന്നു. വീട്ടുകാരെ വിളിച്ചുണർത്തി. മുൻ വശത്ത് തീ കത്തുന്നത് കണ്ടതോടെ പിൻവാതിലിലൂടെ എല്ലാവരും പുറത്തിറങ്ങി. മുൻവശത്തെ വാതിലിൽ ആളിപ്പടർന്ന തീ വീട്ടുകാർ വെള്ളമൊഴിച്ച് അണച്ചു.
വിവരമറിഞ്ഞ് അയൽക്കാരും ഉപ്പുതറ പൊലീസുമെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം ചാക്കിൽ നിറച്ച് അതിൽ ഇന്ധനം ഒഴിച്ചാണ് തീകത്തിച്ചതെന്ന് മനസിലായി. ജനലുകൾക്ക് താഴെും ചാക്കിൽ മാലിന്യം നിറച്ച് ഇന്ധനം ഒഴിച്ചു വച്ചിരുന്നു. മുറ്റത്ത് മുളക്പൊടി വിതറുകയും ചെയ്തു. വീട്ടുകാർ ഉണർന്നതിനാൽ മറ്റിടങ്ങളിൽ തീയിടാതെ ജോസ് ഓടി രക്ഷപെട്ടു. ഇതിനാൽ അഞ്ച് വയസുള്ള കുട്ടിയുൾപ്പെടെ ബെന്നിയുടെ കുടുംബം രക്ഷപെട്ടു. എതിർവശത്തെ വീട്ടിൽ താമസിച്ചിരുന്ന ജോസ് സംഭവം ദിവസം രാവിലെ 11 വരെ അവിടെയുണ്ടായിരുന്നു.
വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും എത്തിയതോടെ ജോസ് മുങ്ങി. ഇത് സംശയത്തിനിടയാക്കി. എന്നാൽ വർഷങ്ങൾക്ക് മുൻപ് മരത്തിൽ നിന്ന് വീണ് കാലിന് സ്വാധീന കുറവുള്ള ജോസ് ഇങ്ങനെ ചെയ്യുമെന്ന് നാട്ടുകാർ കരുതിയില്ല. ഞായറാഴ്ച രാത്രി മേരികുളത്ത് ബസിറങ്ങിയ ജോസിനെ ഉപ്പുതറ പൊലീസ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരിക്ക് പോയെന്നാണ് ജോസ് പൊലീസിനോട് പറഞ്ഞത്. കസ്റ്റഡിയിൽ എടുത്ത് താമസിയാതെ കുറ്റം സമ്മതിക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam