കാസർകോട് പടന്ന കടപ്പുറത്ത് വൻ മത്തി ചാകരയുണ്ടായി. തീരമാകെ നെയ് മത്തി വന്ന് നിറഞ്ഞതോടെ ആവേശത്തിലായ നാട്ടുകാർ മത്സ്യം വാരിക്കൊണ്ടുപോയി. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
കാസർകോട്: ജില്ലയിലെ പടന്ന കടപ്പുറത്ത് വൻ മത്തി ചാകര. കടൽത്തീരമാകെ മത്തി വന്ന് നിറഞ്ഞതോടെ പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും വലിയ ആവേശത്തിലാണ്. തീരം നിറഞ്ഞ അവസ്ഥ കണ്ടതോടെ നാട്ടുകാർ കൂട്ടത്തോടെ ഓടിയെത്തി, വലിയ പെട്ടികളിലും ചാക്കുകളിലുമായി മത്തി വാരിയിട്ട് നിറച്ച് കൊണ്ടുപോയി.
തീരത്തോട് ചേർന്ന് മത്തി കൂട്ടത്തോടെയാണ് അടിഞ്ഞത്. ഓരോ തിരയെത്തുമ്പോഴും വലിയ നെയ് മത്തി കൂട്ടത്തോടെ തീരത്തെത്തി. സംഭവം അറിഞ്ഞ് പ്രദേശത്ത് വലിയ ജനക്കൂട്ടം തന്നെ എത്തി. കുട്ടികളും സ്ത്രീകളും അടക്കം ഇക്കൂട്ടത്തിലുണ്ടായിരുന്നു. പടന്ന കടപ്പുറത്തെ ഈ വൻ മത്തി ചാകരയുടെ ദൃശ്യങ്ങളും ഇതിനോടകം തന്നെ വൈറലായി. മത്തി പെറുക്കിയെടുത്ത് തീര്‍ന്നെങ്കിലും ഇനിയും ചാകര എത്തുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നവരുമുണ്ട് അവിടെ.


