പെൻഷൻ ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് പ്രായമായ സ്ത്രീകളെ സമീപിക്കും; സ്വർണാഭരണം കവർന്ന് മുങ്ങും, പ്രതി പിടിയിൽ

By Web TeamFirst Published Jul 18, 2022, 1:20 PM IST
Highlights

അന്വേഷണത്തിൽ സ്വർണാഭരണങ്ങൾ കോഴിക്കോട് മിഠായി തെരുവിലെ ജ്വല്ലറിയിൽ നിന്ന് ഉരുക്കിയ നിലയിൽ കണ്ടെടുത്തിട്ടുണ്ട്.

മലപ്പുറം : പ്രായമായ സ്ത്രീകളെ സമീപിച്ച് പെൻഷനും മറ്റും ശരിയാക്കിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്വർണാഭരണങ്ങൾ കൈക്കലാക്കി മുങ്ങുന്ന പ്രതി പിടിയിൽ. തൃശൂർ ചാവക്കാട് സ്വദേശിയായ പട്ടാട്ട് യൂസഫ് (42) ആണ് പിടിയിലായത്. തിരൂർ സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പരാതിക്കാരിക്ക് പെൻഷൻ വാഗ്ദാനം ചെയ്ത് മൂന്നര പവൻ സ്വർണാഭരണം കൈക്കലാക്കി മുങ്ങുകയായിരുന്നു. 

കഴിഞ്ഞ ദിവസം പുലർച്ചെ ചാവക്കാട്ടുള്ള വീട്ടിൽനിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞയാഴ്ചയിലാണ് ഇയാൾ തിരൂരിൽ വെച്ച് പെൻഷൻ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് മധ്യവയസ്‌കയായ സ്ത്രീയെ സമീപിച്ച് പ്രീമിയം അടക്കാനുള്ള തുകയുടെ പേര് പറഞ്ഞ് സ്വർണാഭരണം കൈക്കലാക്കി മുങ്ങിയത്.

അന്വേഷണത്തിൽ സ്വർണാഭരണങ്ങൾ കോഴിക്കോട് മിഠായി തെരുവിലെ ജ്വല്ലറിയിൽ നിന്ന് ഉരുക്കിയ നിലയിൽ കണ്ടെടുത്തിട്ടുണ്ട്. തൃശൂർ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുള്ള പ്രതി കഴിഞ്ഞവർഷം സമാനമായ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണ്. നിലവിൽ ഇത്തരത്തിലുള്ള പല കേസുകൾ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണെന്നും അന്വേഷണത്തിൽ ഇയാൾ തന്നെയാണെന്ന് തിരിച്ചറിഞ്ഞിട്ടുള്ളതാണെന്നും പൊലീസ് പറഞ്ഞു.

മലപ്പുറം ജില്ലയിലെ വളാഞ്ചേരി, കോഴിക്കോട് ജില്ലയിലെ നല്ലളം പൊലീസ് സ്റ്റേഷനുകളിൽ സമാന പരാതികളുണ്ട്.
തിരൂർ ഡി വൈ എസ് പി ബെന്നി, ഇൻസ്പെക്ടർ ജിജോ എം ജെ, എസ് ഐ ജലീൽ കറുത്തേടത്ത്, എ എസ് ഐ പ്രതീഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ കെ  ഷിജിത്ത്, കെ ആർ രാജേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണിക്കുട്ടൻ വേട്ടാത്ത്, സി അരുൺ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

click me!