
കൊല്ലം: കൊല്ലം പുത്തുരിൽ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ക്രൂര മര്‍ദ്ദനം. പൂവറ്റൂര്‍ സ്വദേശി ഉണ്ണികൃഷ്ണനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിൽ സൈനികനും പിതാവുമടക്കം നാല് പേര്‍ക്കെതിരെ പുത്തൂര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പാലക്കുഴി മുക്കിൽ വച്ച് ഉണ്ണികൃഷ്ണൻ സഞ്ചരിച്ച കാറിന് പിന്നിൽ ബൈക്ക് വന്നിടിച്ചു രണ്ട് പേർ റോഡിലേക്ക് വീണു. ഇവരെ ആശുപത്രിയിലേക്കെത്തിക്കാൻ യുവാവ് ശ്രമിക്കുന്നതിനിടെയാണ് നാലംഗ സംഘമെത്തി ക്രൂരമായി തല്ലിച്ചതച്ചത്.
കാറും അടിച്ചു തകർത്തു. പ്രദേശവാസികളെത്തിയതോടെ അക്രമി സംഘം കാറിൽ കടന്നു കളഞ്ഞു. മുഖത്തും പുറത്തും പരിക്കേറ്റ ഉണ്ണികൃഷ്ണൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പിന്നാലെ യുവാവ് പുത്തൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അക്രമികളെ തിരിച്ചറിഞ്ഞു. പുത്തൂര്‍ സ്വദേശിയായ സൈനികൻ അനീഷ്, അച്ഛൻ സുരേന്ദ്രൻ എന്നിവരടക്കം നാല് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം, എടപ്പാളിൽ പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി കെട്ടിയിട്ട് ലഹരി നൽകി ക്രൂരമായി തല്ലിച്ചതച്ചതായി കഴിഞ്ഞ ദിവസം പരാതി ഉയര്‍ന്നിരുന്നു. എടപ്പാൾ കോലളമ്പ് സ്വദേശിയായ പണ്ടാരത്തിൽ റഹ്‌മത്തിന്റെ ഫർഹൽ അസീസ് (23)നെയാണ് വീട്ടിൽ നിന്ന് തട്ടി കൊണ്ട് പോയി ലഹരി നൽകി വിവസ്ത്രനാക്കി ഒരു രാവും പകലും ക്രൂരമായി മർദ്ദനത്തിന് ഇരയാക്കിയത്.
പണവും യു എ ഇ ഐഡി അടക്കമുള്ള രേഖകളും മൊബൈല്‍ ഫോണും കവർന്ന സംഘം പൂർണ്ണ നഗ്‌നനാക്കി വീഡിയോ ചിത്രീകരിച്ച ശേഷം വിവസ്ത്രനാക്കി ഉപേക്ഷിച്ചെന്നാണ് പരാതി. വിദേശത്ത് നിന്ന് ലീവിന് വന്ന ഫർഹൽ അസീസിനെ ഡിസംബർ 24ന് വൈകിയിട്ട് ഏഴ് മണിയോടെയാണ് സുഹൃത്തുക്കളായ രണ്ട് പേർ ചേർന്ന് ബൈക്കിലെത്തി കൂട്ടി കൊണ്ടു പോയത്. രാത്രി കോലളമ്പിലെ വയലിൽ വെച്ച് നേരം പുലരുവോളം മർദ്ദിച്ച ശേഷം കാളാച്ചാലിലെ സുഹൃത്തിന്റെ വീട്ടിൽ അടച്ചിട്ട മുറിയിലെത്തിച്ചും മർദ്ദനം തുടർന്നുവെന്ന് പരാതിയില്‍ പറയുന്നു.
ചായക്ക് മധുരം കുറഞ്ഞതിന് അടിയായി, പിടിയായി, ഉന്തുംതള്ളുമായി; മലപ്പുറത്ത് ഹോട്ടലുടമയ്ക്ക് കുത്തേറ്റു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam