
ആലപ്പുഴ: ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ആലപ്പുഴ എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മനോജ് കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് മണ്ണഞ്ചേരി പഞ്ചായത്തിൽ വാർഡ് ഒന്നിൽ ചെറുവേലി വീട്ടിൽ രാജേഷ്(46)നെ അറസ്റ്റ് ചെയ്തത്. അനധികൃത മദ്യ വില്പന നടത്തുന്നു എന്ന വിവരം എക്സൈസ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് മണ്ണഞ്ചേരിയിലെ രാജേഷിന്റെ വീട്ടിലെത്തിയെങ്കിലും വാതിൽ തുറക്കാൻ തയ്യാറായില്ല. പിന്നീട് ചേർത്തല ഫയർഫോഴ്സിനെ എക്സൈസ് വിവരം അറിയിച്ചതിനെ തുടർന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആർ മധുവും സംഘവും ഈ വീടിന്റ വാതിൽ പൊളിച്ച് അകത്തു കയറിയാണ് പ്രതിയെ പിടികൂടിയത്.
വീട്ടിലും സ്കൂട്ടറിലുമായി ഒളിപ്പിച്ചുവെച്ചിരുന്ന അര ലിറ്ററിന്റെ 20 കുപ്പി മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും എക്സൈസ് കണ്ടെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിവറേജ് കോർപ്പറേഷൻ അവധി ആയതിനാൽ ആവശ്യക്കാർ വിളിക്കുന്നതനുസരിച്ച് സ്കൂട്ടറിൽ എത്തിയാണ് മദ്യ വിൽപ്പന നടത്തിവരുന്നതെന്ന് എക്സൈസ് പറഞ്ഞു.
പാലക്കാട് അട്ടപ്പാടിയിൽ എക്സൈസിന്‍റെ നേതൃത്വത്തിൽ കഞ്ചാവ് തോട്ടങ്ങൾ നശിപ്പിക്കുന്നത് തുടരുന്നു. ഇന്ന് അട്ടപ്പാടി ആറിലമലയിൽ 763 കഞ്ചാവ് ചെടികളാണ് നശിപ്പിച്ചത്. രണ്ടാഴ്ചക്കിടെ നാല് തോട്ടങ്ങളിൽ നിന്നായി 1619 കഞ്ചാവ് ചെടികളാണ്. എക്സൈസ് നശിപ്പിച്ചത്. ലഹരി പൂക്കുന്ന തോട്ടങ്ങള്‍ തേടി പാലക്കാട് എക്സൈസ് സംഘം ഇന്നും കാടുകയറുകയായിരുന്നു. പാടവയൽ തേക്കുപന ഉന്നതിയിൽ നിന്നും അഞ്ച് കിലോമീറ്റർ ഉൾവനത്തിലൂടെ സഞ്ചരിച്ചാണ് ആറിലമലയിലെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ എൻ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണത്തിനൊടുവിൽ കഞ്ചാവ് വളര്‍ത്തിയ സ്ഥലത്തെത്തി.