വിദേശത്തും സ്വദേശത്തുമായി ഒളിവില്‍, നാട്ടിലെത്തിയതും പൊക്കി! കാറിന്റെ രഹസ്യ അറയില്‍ എംഡിഎംഎ കടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റില്‍

Published : Dec 08, 2025, 06:59 PM IST
MDMA Whole seller arrest

Synopsis

തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ വെച്ചാണ് കാസര്‍ഗോഡ് സ്വദേശികളായ ജാബിര്‍, മുഹമ്മദ്കുഞ്ഞി എന്നിവര്‍ കാറില്‍ കടത്തിക്കൊണ്ടുവന്ന ഏഴ് ഗ്രാം എംഡിഎംഎയുമായി എക്‌സൈസിന്റെ പിടിയിലാകുന്നത്. അന്ന് അറസ്റ്റ് ചെയ്യപ്പെട്ട ഇരുവരും ഇപ്പോഴും റിമാന്‍ഡിലാണ്.

മാനന്തവാടി: വയനാട്ടിലെ തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റ് വഴി കേരളത്തിലെ മൊത്തവിതരണക്കാര്‍ക്കായി കാറില്‍ വലിയ അളവില്‍ എംഡിഎംഎ കടത്തിയ കേസിലെ മുഖ്യപ്രതി മാസങ്ങള്‍ക്ക് ശേഷം പിടിയില്‍. വിദേശത്തും സ്വദേശത്തുമായി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന കാസര്‍ഗോഡ് ചെങ്ങള സ്വദേശിയായ ബഷീര്‍ അബ്ദുല്‍ ഖാദറിനെയാണ് 291 ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎ കടത്തിയ കേസില്‍ അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്ന് നാട്ടിലെത്തിയ ഇയാളെ കാസര്‍ഗോഡ് നിന്നാണ് പിടികൂടിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ഇപ്പോഴത്തെ അറസ്റ്റിലേക്ക് നയിച്ച സംഭവം നടക്കുന്നത്.

തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ വെച്ചാണ് കാസര്‍ഗോഡ് സ്വദേശികളായ ജാബിര്‍, മുഹമ്മദ്കുഞ്ഞി എന്നിവര്‍ കാറില്‍ കടത്തിക്കൊണ്ടുവന്ന ഏഴ് ഗ്രാം എംഡിഎംഎയുമായി എക്‌സൈസിന്റെ പിടിയിലാകുന്നത്. അന്ന് അറസ്റ്റ് ചെയ്യപ്പെട്ട ഇരുവരും ഇപ്പോഴും റിമാന്‍ഡില്‍ കഴിഞ്ഞുവരികയാണ്. ഈ കേസിന്റെ തുടരന്വേഷണത്തിനിടെ പിടിച്ചെടുത്ത വാഹനത്തിന്റെ രഹസ്യ അറയില്‍ വലിയ അളവില്‍ എംഡിഎംഎ ഉണ്ടെന്ന് രണ്ടുപേരും മൊഴി നല്‍കുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ വാഹനം വിശദമായി പരിശോധിച്ച അന്വേഷണ സംഘം 285 ഗ്രാം എംഡിഎംഎ കൂടി പിന്നീട് കണ്ടെത്തി. തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത എക്‌സൈസിന്റെ ക്രൈംബ്രാഞ്ച് സംഘം വലിയ അളവില്‍ എംഡഎംഎ കേരളത്തിലേക്ക് കടത്താന്‍ ആസൂത്രണം നടത്തുന്ന ബഷീര്‍ അബ്ദുല്‍ഖാദറിലേക്ക് എത്തുന്നു.

തനിക്ക് നേരെ അന്വേഷണം വരുന്നതായി മനസിലാക്കി പ്രതി ഒളിവില്‍ പോയി. ആദ്യം നാട്ടില്‍ തന്നെ ഒളിവില്‍ കഴിഞ്ഞ പ്രതി പിന്നീട് വിദേശത്തേക്കും രക്ഷപ്പെട്ടു. ആദ്യ കേസില്‍ ബഷീര്‍ അബ്ദുല്‍ഖാദറിനെ മൂന്നാം പ്രതിയായിട്ടായിരുന്നു ചേര്‍ത്തിരുന്നതെങ്കിലും മുഖ്യആസൂത്രകന്‍ എന്ന് കണ്ടെത്തിയതോടെ മുഖ്യപ്രതിയാക്കുകയായിരുന്നു. ചെറിയ അളവിലാണ് എംഡിഎംഎ ആദ്യം കണ്ടെതതിയതെങ്കിലും പിന്നിട് കേസിന്റെ വ്യപ്തി തിരിച്ചറിഞ്ഞ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൃത്യമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ വലയിലാക്കിയത്. കല്‍പ്പറ്റ എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

യുവാക്കളെ ക്യാരിയര്‍മാരാക്കി മൊത്തക്കച്ചവടം 

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മയക്കുമരുന്ന് കച്ചവടക്കാര്‍ക്ക് എംഡിഎംഎ അടക്കമുള്ള രാസലഹരികള്‍ കൂടിയ അളവില്‍ ബെംഗളുരുവില്‍ നിന്ന് എത്തിച്ചു നല്‍കുകയായിരുന്നു ബഷീര്‍ അബ്ദുല്‍ഖാദര്‍ ചെയ്തിരുന്നത്. ഇതിനായി ഇയാള്‍ക്ക് ക്യാരിയര്‍മാരായി യുവാക്കളും ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള ക്യാരിയര്‍മാരായി പ്രവര്‍ത്തിച്ച രണ്ട് യുവാക്കളാണ് ഈ കേസില്‍ ആദ്യം പിടിയിലായത്. എക്‌സൈസ് ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ജുനൈദ്, മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ബൈജു എന്നിവരുടെ നേതൃത്വത്തില്‍ മാനന്തവാടി റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ശശി, പ്രിവന്റീവ് ഓഫീസര്‍ പി.കെ.ചന്തു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സ്റ്റാലിന്‍ വര്‍ഗീസ്, അമീര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിസിവിടിയിൽ 'ചവിട്ടി കള്ളൻ'; ഇരിണാവിൽ 2 ഷോപ്പുകളിൽ മോഷണം, കള്ളനെ തിരിഞ്ഞ് പൊലീസ്
പരസ്യമദ്യപാനം ചോദ്യം ചെയ്‌ത പോലീസിന് നേരെ ആക്രമണം: കെ എസ് യു നേതാവടക്കം പിടിയിൽ