
തിരുവനന്തപുരം: കൊവിഡിൽ ജീവിതം വഴിമുട്ടി കപ്പലണ്ടി കച്ചവടക്കാരൻ മുരുകനും ഭാര്യയും. കോവളം തീരത്ത് വർഷങ്ങളായി കച്ചവടം നടത്തി വന്ന മുരുകൻ ഇന്ന് ഉന്തുവണ്ടിയിൽ ഒരു നേരത്തെ അന്നതിനായി അലയുകയാണ്. 35 വർഷമായി കോവളത്തുള്ള തമിഴ്നാട് നാഗർകോവിൽ സ്വദേശിയും ഇപ്പോൾ സിസിലിപുരം ലക്ഷം വീട് കോളനിയിൽ താമസക്കാരനുമായ അറുപത്തിരണ്ടുകാരൻ മുരുകനും ഭാര്യ അമ്പത്തിഒൻപത് വയസുകാരി തുളസിയും.
കോവളത്ത് കപ്പലണ്ടി, പാനിപൂരി തുടങ്ങിയവ വിറ്റ് വരുമാനം കണ്ടെത്തി ജീവിച്ചിരുന്ന വ്യക്തിയാണ് മുരുകൻ. കച്ചവടം നടത്തിയിരുന്ന മുരുകന് ചെലവ് കഴിഞ്ഞ് അഞ്ചൂറ് രൂപ ലാഭം കിട്ടുമായിരുന്നെങ്കിൽ ഇന്നത് 100 രൂപയ്ക്ക് താഴെയായി. കൊവിഡ് വന്ന് കോവളത്ത് ആളൊഴിഞ്ഞതോടെ ഏക വരുമാന മാർഗം നിലച്ചു. ലോക്ക് ഡൗൺ തുടങ്ങി ആദ്യ ഒന്നര മാസം ജോലി ഒന്നും ഇല്ലാതെ കൊവിഡിനെ പേടിച്ച് രോഗബാധിതയായ ഭാര്യയയും മാനസിക അസ്വാസ്ഥ്യമുള്ള മകനുമായി വീട്ടിൽ തന്നെ കഴിഞ്ഞു കൂടി. ഓരോ ദിവസവും തള്ളിനീക്കാൻ പലരിൽ നിന്നു കടം വാങ്ങി. ആഹാരം ഉണ്ടാക്കുന്ന പാത്രങ്ങൾ വരെ വിറ്റ് ഭക്ഷണത്തിനുള്ള വക കണ്ടെത്തി.
ഒടുവിൽ ജീവിതം തള്ളി നീക്കാൻ കഴിയാതെ വന്നതോടെയാണ് മറ്റൊരാളുടെ സഹായത്തോടെ രണ്ടാഴ്ച്ച മുൻപ് ഉന്തുവണ്ടി സജ്ജമാക്കി കപ്പലണ്ടി വിൽപനയ്ക്ക് ഇറങ്ങിയത്. ഭാര്യ തുളസി സഹായത്തിനായി ഒപ്പം കൂടി. കോവളം പുതിയ ബൈപാസ് പാലത്തിന് അടിയിൽ മുട്ടയ്ക്കാട് റോഡിലാണ് ഇപ്പോൾ ഉന്തുവണ്ടിയുമായി ഇവർ കച്ചവടം നടത്തുന്നത്. ഇതുവഴി വാഹനത്തിൽ പോകുന്നവരാണ് കൂടുതലും കപ്പലണ്ടി വാങ്ങുന്നത്. ഇപ്പോൾ പരമാവധി 300 മുതൽ 600 രൂപ വരെ മാത്രമാണ് ഒരു ദിവസം കപ്പലണ്ടി വിറ്റ് കിട്ടുന്നത്. ഇതിൽ കപ്പലണ്ടിയും അടുപ്പിന് ആവശ്യമായ മണ്ണെണ്ണ ഉൾപ്പടെ മറ്റ് ചിലവുകൾ മാറ്റിയാൽ 100 രൂപ വരെ ആണ് പരമാവധി ലഭിക്കുന്നതെന്ന് മുരുകൻ പറഞ്ഞു.
മകളെ വിവാഹം ചെയ്ത് അയച്ചെങ്കിലും മകളുടെ ഭർത്താവിന് ഹൃദയ സംബന്ധമായ രോഗം ബാധിച്ച് ചികിത്സയിലാണ്. രണ്ടു കുട്ടികളുള്ള ഈ കുടുംബത്തിന്‍റേയും കൈത്താങ്ങ് മുരുകനാണ്. ഇപ്പോൾ ആഹാരം വെക്കാനുള്ള പാത്രങ്ങൾ പോലും വീട്ടിൽ ഇല്ല. എങ്ങനെയൊക്കെയോ ജീവിതം തള്ളി നീക്കുന്നുയെന്നും എത്രകാലം ഇങ്ങനെ ജീവിതം തള്ളിനീക്കാൻ കഴിയുമെന്ന ആശങ്കയുണ്ടെന്നും ശോചനീയാവസ്ഥയിലായ കോവളം തീരം നവീകരിച്ച് സഞ്ചാരികൾ എത്തി തുടങ്ങിയാൽ മാത്രമേ തന്നെപ്പോലെ ടൂറിസം മേഖലയെ ആശ്രയിച്ചു ജീവിച്ചിരുന്നവർക്ക് പഴയ നിലയിലേക്ക് എത്താൻ കഴിയു എന്ന് മുരുകൻ പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam