
തിരുവനന്തപുരം: കാപ്പ നിയമ പ്രകാരമുള്ള വിലക്ക് നിലനിൽക്കെ നഗരത്തിലെത്തിയ പ്രതി വീണ്ടും അറസ്റ്റിൽ. പേട്ട പുത്തൻപാലം സ്വദേശി അരുണിനെയാണ് (38) പേട്ട പൊലീസ് പിടികൂടിയത്. ഇയാളുടെ കുടുംബം വാടകയ്‌ക്ക് താമസിക്കുന്ന കുമാരപുരത്ത് നിന്നാണ് എസ്എച്ച്ഒ വി.എം. ശ്രീകുമാറും സംഘവും ഇന്നലെ വെളുപ്പിന് പ്രതിയെ അറസ്റ്റു ചെയ്‌തത്. പുത്തൻപാലം രാജേഷ്, ദിനിബാബു തുടങ്ങിയ ഗുണ്ടകളുടെ അനുയായിയായ ഇയാൾ കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ക്രിമിനൽ കേസുകളിൽപെട്ടതോടെയാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്. ഇയാൾ നഗരത്തിലെത്തിയെന്ന വിവരം ലഭിച്ചതോടെ പേട്ട പൊലീസ് നടത്തിയ അന്വഷണത്തിലാണ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു.